സഞ്ചാരികൾക്ക് സൗകര്യങ്ങളൊരുക്കി ഏലപ്പീടിക

Share our post

ഏലപ്പീടിക : ജില്ലയിലെ മലയോര വിനോദസഞ്ചാര കേന്ദ്രമായി വളരുന്ന ഏലപ്പീടികയിൽ വിനോദസഞ്ചാരികൾക്കായി സൗകര്യങ്ങൾ ഒരുക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. ജില്ലാ പഞ്ചായത്തിന്റെ എട്ട് ലക്ഷം രൂപയും പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഒരുലക്ഷം രൂപയും കണിച്ചാർ പഞ്ചായത്തിന്റെ ഒരുലക്ഷം രൂപയും ഉൾപ്പെടെ 10 ലക്ഷം രൂപ ഉപയോഗിച്ച് തയ്യാറാക്കിയ ഏലപ്പീടിക ടൂറിസം വ്യൂ പോയിന്റ് നിർമാണം പൂർത്തിയായി.

ഒൻപത് മിനി ഹൈമാസ്ക് ലൈറ്റുകൾ, എൽ.ഇ.ഡി. സൈനേജ് ബോർഡ്, ഇന്റർലോക്കിങ്‌ എന്നിവയാണ് തയ്യാറാക്കിയിട്ടുള്ളത്. വൈകുന്നേരം ആറുമുതൽ വ്യൂപോയിന്റിൽ ലൈറ്റുകൾ തെളിയുന്നതോടെ സഞ്ചാരികൾക്ക് കൗതുകക്കാഴ്ചകൾ തുടങ്ങുകയായി.

ഓപ്പൺ എയർ ഓഡിറ്റോറിയമായി ഉപയോഗിക്കാൻ കഴിയുന്നതരത്തിലാണ് നിർമിച്ചിരിക്കുന്നത്. തൊട്ടടുത്തായി പഞ്ചായത്ത് നിർമിച്ച തീവണ്ടിയുടെ മാതൃകയിലുള്ള വഴിയോര വിശ്രമകേന്ദ്രവും കോഫി ഷോപ്പും സഞ്ചാരികൾക്ക് ഏറെ കൗതുകമുണ്ടാക്കുന്നു.

ഏലപ്പീടിക കുരിശുമലയും പുൽമേടും ഹിറ്റാച്ചിക്കുന്നും ഇരുപത്തിഒൻപതാം മൈൽ വെള്ളച്ചാട്ടവും ഉൾപ്പെടെ സഞ്ചാരികൾക്ക് നിരവധി കാഴ്ചകളാണ് ഏലപ്പീടികയിലുള്ളത്. നിർമാണം ആരംഭിച്ച 29-ാം മൈൽ ശുചിത്വ പാർക്ക് പൂർത്തിയാകുന്നതോടെ കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടിക ടൂറിസം ഡെസ്റ്റിനേഷൻ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!