ആരോഗ്യ പ്രശ്നങ്ങളിൽ കുറവില്ല: തിരക്കൊഴിയാതെ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ
കണ്ണൂർ: കൊവിഡ് ഭീതി ഒഴിഞ്ഞിട്ടും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിൽ തിരക്കൊഴിയുന്നില്ല. ആരോഗ്യ വകുപ്പിന് കീഴിലുള പൊസ്റ്റ് കൊവിഡ് ക്ലിനിക്കുകളിൽ ഇപ്പോഴും നൂറുകണക്കിനാളുകളാണ് ഇപ്പോഴും ചികിത്സക്കെത്തുന്നത്. കുട്ടികളിലും മുതിർന്നവരിലും കാഴ്ചക്കുറവ്, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, ശ്വാസകോശരോഗങ്ങൾ, മാനസിക രോഗങ്ങൾ, ഉറക്കക്കുറവ് എന്നിങ്ങനെ പലവിധത്തിലുള ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു.
കുറച്ച് ദൂരം നടക്കുമ്പോൾ തന്നെ കിതപ്പ്, ഇടയ്ക്കിടെ പനി, പനി പെട്ടെന്ന് മാറാത്ത അവസ്ഥ, ശരീരം പെട്ടെന്ന് ക്ഷീണിക്കുന്ന അവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ കൊവിഡ് വന്നവരിൽ കണ്ടുവരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
അതെസമയം സംസ്ഥാനത്ത് കൊവിഡാനന്തര രോഗങ്ങളെ കുറിച്ച് ആരോഗ്യവകുപ്പ് പ്രത്യേക പഠനങ്ങൾ നടത്തിയിട്ടില്ല. എന്നാൽ ഇത് സംബന്ധിച്ച് ദേശീയവും അന്തർദേശീയവുമായ വിദഗ്ധരുടെ അഭിപ്രായങ്ങൾ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിനും ചികിത്സാ പ്രോട്ടോക്കോൾ തയാറാക്കുന്നതിനും പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
ജീവിതശൈലി രോഗ നിരക്കിൽ വർദ്ധനവ്
കൊവിഡിന് ശേഷം കേരളത്തിൽ ജീവിതശൈലീരോഗങ്ങൾ വർധിച്ചതായി വിവിധ പഠനങ്ങൾ സൂചന നൽകിയിട്ടുണ്ട്. പ്രമേഹം ഉൾപ്പെടെയും രോഗങ്ങളിൽ വർദ്ധനവുണ്ടായി.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും സംയുക്തമായി നടത്തിയ പഠനപ്രകാരം സംസ്ഥാനത്ത് 24ശതമാനം ആളുകൾക്ക് കൊവിഡിന് ശേഷം പ്രമേഹമുള്ലതായും 19 ശതമാനം പേർക്ക് പ്രി ഡയബറ്റീസ് ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇത് കൊവിഡിന്റെ പ്രതിപ്രവർത്തനങ്ങളുടെ ഫലമായിട്ടാണോ എന്നത് ശാസ്ത്രീയമായി വിശദീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ജാഗ്രത വേണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്
രണ്ടാം ഡോസിൽ ഉപേക്ഷ
കൊവിഡ് പോർട്ടൽ പ്രകാരം വാക്സിന്റെ ഒന്നാം ഡോസ് എടുത്തവരിൽ പലരും രണ്ടാം ഡോസ് എടുത്തിട്ടില്ല. പതിനെട്ടിനും 59നും ഇടയിൽ പ്രായമുള്ല 1146132 പേരാണ് ഒന്നാം ഡോസ് കൊവീഷീൽഡ് വാക്സിൻ എടുത്തത്.എന്നാൽ രണ്ടാം ഡോസ് എടുത്തത് 82249 പേർ മാത്രം. കോവാക്സിൻ ഒന്നാം ഡോസ് 160032 പേരെടുത്തപ്പോൾ രണ്ടാം ഡോസ് 428850 പേർ മാത്രമാണ് സ്വീകരിച്ചത്.
കൊവിഡിന് ശേഷം കൂടുതലായും കണ്ടുവരുന്ന രോഗങ്ങൾ : കാഴ്ചക്കുറവ്, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, ശ്വാസകോശരോഗങ്ങൾ, മാനസിക രോഗങ്ങൾ, ഉറക്കകുറവ്.