പേരാവൂർ ക്ഷീര സംഘം: പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് ഡിസമ്പർ 30ന്

പേരാവൂർ: ക്രമക്കേടുകളെ തുടർന്ന് ഭരണ സമിതിയെ പിരിച്ചുവിട്ട പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനം. ഡിസമ്പർ 30ന് തിരഞ്ഞെടുപ്പ് നടത്താനാണ് അഡ്മിനിസ്ട്രേറ്റർ അനുരാജ് സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്കിയത്.
2015-2016 കാലയളവിന് ശേഷം ഓഡിറ്റിംങ് നടത്താത്ത ക്ഷീര സംഘത്തിനെതിരെ വകുപ്പുതല അന്വേഷണം (65 എൻക്വയറി) നിലവിൽ നടന്നുവരികയാണ്. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ ക്രമക്കേടുകളുടെ വ്യാപ്തി തിട്ടപ്പെടുത്താൻ സാധിക്കൂ. സംഘം സെക്രട്ടറി ശ്രീജിത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഭരണ സമിതിയോട് 2015-ൽ സഹകരണ ഓഡിറ്റ് അസിസ്റ്റൻറ് ഡയറക്ടർ നിർദ്ദേശം നല്കിയെങ്കിലും പാലിക്കപ്പെട്ടില്ല. സംഘത്തിൻ്റെ കണക്കുകൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ സെക്രട്ടറിക്കെതിരെ ഏഴു വർഷമായിട്ടും നടപടി സ്വീകരിക്കാത്ത ഭരണ സമിതിയും ഇക്കാര്യത്തിൽ തികഞ്ഞ അലംഭാവമാണ് പുലർത്തിയത്.
ഭരണ സമിതിയെ നിയന്ത്രിക്കുന്ന പാർട്ടി സബ് കമ്മിറ്റിയും സംഘത്തിൻ്റെ നിലവിലെ അവസ്ഥക്ക് കാരണക്കാരാണ്. സംഘത്തിൽ നടന്ന ക്രമക്കേടുകൾക്കും സാമ്പത്തിക അഴിമതിക്കും കൂട്ടുനിന്നവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പരാതിക്കാരനായ സിറാജുദ്ദീൻ പറഞ്ഞു.