‘അമിതവേഗം വിജയത്തിലേക്കുള്ള വഴിയല്ല’; മുന്നറിയിപ്പുമായി കേരള പോലീസ്

Share our post

അപകട മുന്നറിയിപ്പ് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങളുടെ എണ്ണം പെരുകുന്നതിന്റെ പ്രധാന കാരണം അശ്രദ്ധയും അമിത ആത്മവിശ്വാസവുമാണെന്ന് കേരള പൊലീസ്.നിയമം തെറ്റിച്ചുള്ള ഡ്രൈവിംഗും ഓവർടേക്കിംഗും ഓവർ സ്പീഡും അപകടകരമാണെന്ന് അറിയാമായിരുന്നിട്ടും അങ്ങനെ സംഭവിക്കില്ലെന്ന ധാരണ കൊണ്ടാണ് പലർക്കും ജീവൻ നഷ്ട്ടപെടുന്നതെന്നും പരുക്കുകൾ ഉണ്ടാകുന്നതെന്നും കേരള പൊലീസ് പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

വേഗത വർധിക്കുന്നതനുസരിച്ച് മരണത്തിലേക്കുള്ള ദൂരം കുറയുകയാണെന്നും ഇനിയെങ്കിലും ക്ഷമയോടെ, മിതമായ സ്പീഡിൽ റോഡ് നിയമങ്ങൾ അനുസരിച്ച് വാഹനമോടിക്കണമെന്നുമാണ് കേരള പൊലീസ് നൽകിയ മുന്നറിയിപ്പിൽ പറയുന്നത് . ഇതിന്റെ മുന്നറിയിപ്പ് നൽകി കേരള പൊലീസ് പങ്കുവെച്ച കുറിപ്പിൽ ആമയും മുയലും തമ്മിലുള്ള ഓട്ടമത്സരത്തിന്റെ കഥയെ സൂചിപ്പിക്കുന്ന ചിത്രമാണ് നൽകിയിരിക്കുന്നത്.

കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ലക്ഷ്യത്തിലെത്താൻ നമ്മെ പ്രാപ്തരാക്കുന്നത് അമിത വേഗമല്ല.. വിവേകമാണ് !!
അപകട മുന്നറിയിപ്പ് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങളുടെ എണ്ണം പെരുകുന്നതിന്റെ പ്രധാന കാരണം അശ്രദ്ധയും അമിത ആത്മവിശ്വാസവുമാണ്. നിയമം തെറ്റിച്ചുള്ള ഡ്രൈവിംഗും ഓവർടേക്കിംഗും ഓവർ സ്പീഡും അപകടകരമാണെന്ന് അറിയാമായിരുന്നിട്ടും തനിക്ക് അങ്ങനെ സംഭവിക്കില്ലെന്നാണ് ഇത്തരക്കാരുടെ ധാരണ.

മൊബൈലിൽ സംസാരിച്ചുകൊണ്ട് ബൈക്കും മറ്റു വാഹനങ്ങളും ഓടിക്കുന്നവരെ കണ്ടിട്ടില്ലേ ?
ഒന്നോ രണ്ടോ മിനിറ്റ് ലാഭിക്കാനാണ് വണ്ടി നിറുത്തി സംസാരിക്കാൻ ഇവർ മിനക്കെടാത്തത്. ഇത്തരക്കാർ കാരണം നിരപരാധികളായ കാൽനടയാത്രക്കാർക്കാണ് പലപ്പോഴും പരിക്കുപറ്റുന്നത്.അങ്ങനെ നിരത്തിൽ പൊലിഞ്ഞുപോയ എത്രയോ ജീവനുകൾ.

ഒരു മിനിറ്റ് ലാഭിക്കുന്നതിനായി ശ്രമിക്കുമ്പോൾ വിലയായി നൽകേണ്ടിവരുന്നത് ആരുടെയെങ്കിലുമൊക്കെ പ്രിയപ്പെട്ട ജീവനുകളും എന്നന്നേക്കുമുള്ള നമ്മുടെ മനസമാധാനവുമാണ്.ഓർക്കുക.. വേഗത വർധിക്കുന്നതനുസരിച്ച്മരണത്തിലേക്കുള്ള ദൂരം കുറയുകയാണ്.
ഇനിയെങ്കിലും ക്ഷമയോടെ, മിതമായ സ്പീഡിൽ റോഡ് നിയമങ്ങൾ അനുസരിച്ച് വാഹനമോടിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!