പുഴമെലിഞ്ഞിട്ടും കടവൊഴിഞ്ഞിട്ടും താമരശ്ശേരിചുരം കടന്നില്ല;കാത്തുകെട്ടിക്കിടപ്പിന്റെ അഞ്ചര മണിക്കൂര്‍

Share our post

റോഡ് റോളറിന്റെ ബ്രേക്ക് പോയതോടെ താമരശ്ശേരി ചൊരത്ത്ന്ന് കോഴിക്കോട്ടേക്ക് ഏറോപ്ലെയ്ന്‍ പറക്കണ പോലെയാണ് വെള്ളാനകളുടെ നാട്ടിലെ സുലൈമാന്‍ പറന്നെത്തിയത്. വയനാട്ടീന്ന് ചുരമിറങ്ങണമെങ്കില്‍ സുലൈമാന്‍ പറഞ്ഞതുപോലെ ഏറോപ്ലെയ്ന്‍ തന്നെ വേണ്ടിവരും. താമരശ്ശേരിയിലെ ‘ശ്ശേ’ പോലെയുള്ള ചുരത്തില്‍ കഴിഞ്ഞ ഞായറാഴ്ച്ച അഞ്ചര മണിക്കൂര്‍ കുരുങ്ങിക്കിടന്നപ്പോള്‍ ഈയുള്ളവളും ആലോചിച്ചത് അതുതന്നെയാണ്. വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് പുതിയ സ്റ്റാന്റില്‍ നിന്ന് തുടങ്ങിയ ‘സുഖസുന്ദരമായ യാത്ര’ കല്‍പ്പറ്റ പഴയ സ്റ്റാന്റിന് മുന്നില്‍ അവസാനിക്കുമ്പോള്‍ സമയം രാത്രി 12 മണി! അതായത് 72.5 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ എടുത്തത് എട്ടു മണിക്കൂറെന്ന് സാരം.

പൂജാ അവധിയും മൈസൂരിലെ ദസറ കാണാനുള്ളവരുടെ തിരക്കുമായി ചുരത്തില്‍ വാഹനങ്ങളുടെ നീണ്ടനിര ആദ്യമേ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ കുറച്ച് നേരത്തെയെങ്കിലും വീടെത്താമല്ലോ എന്ന് കരുതിയാണ്‌ മൂന്ന് മണിക്കുള്ള ഡ്യൂട്ടിക്ക് ശേഷം ഓഫീസില്‍ നിന്ന് ഇറങ്ങിയോടിയത്. രണ്ടാം ഗേറ്റില്‍ നിന്ന് പുതിയ സ്റ്റാന്റെത്തുമ്പോള്‍ സമയം 3.30 ആയിരുന്നു. അവിടെയുള്ള പ്രൈവറ്റ് ബസ് ‘സഫാരി’യില്‍ വിന്‍ഡോ സീറ്റ് കണ്ടതോടെ കെഎസ്ആര്‍ടിസിയെ ഉപേക്ഷിക്കാന്‍ എന്റെ മനസ് തയ്യാറായി. നിരന്തരമുള്ള കെഎസ്ആര്‍ടിസി യാത്രയില്‍ നിന്ന് ഒരു ചെയ്ഞ്ച് ആയിക്കോട്ടെയെന്നും കരുതി.

കുറച്ച് സമയം കഴിഞ്ഞപ്പോ ബസിലെ ഡ്രൈവറെത്തി ഒരു കാര്യമങ്ങ് പ്രഖ്യാപിച്ചു. ‘ആരെങ്കിലും ഭക്ഷണം കഴിക്കാത്തവരായി ഉണ്ടെങ്കില്‍ കഴിച്ചിട്ട് വന്നോളൂ. ചുരത്തില്‍ വന്‍ ബ്ലോക്ക് ആണ്’ എന്ന്. ഇതുകേട്ടതോടെ ചിലര്‍ ബിസ്‌ക്കറ്റ് പാക്ക് വാങ്ങാന്‍ ഓടി. മറ്റുചിലര്‍ ഓറഞ്ചും കവറിലാക്കി വന്നു. ഒരു ചായ കുടിച്ചിട്ട് വരാം എന്ന് പറഞ്ഞ് തൊട്ടടുത്ത് ഇരിക്കുന്ന ആളും പോയി. പക്ഷേ അപ്പോഴും ഞാന്‍ അപകടം മണത്തില്ല. പൂജ അവധി ആയതിന്റെ തിരക്കായിരിക്കുമെന്നും ഒരു ഒമ്പത് മണിയാകുമ്പോഴേക്കും വീടെത്താമെന്നും കരുതി.

നാല് മണി ആയതോടെ ബസ് സ്റ്റാര്‍ട്ട് ചെയ്തു. ടിക്കറ്റ് എടുക്കാന്‍ കണ്ടക്ടര്‍ വന്നതോടെയാണ് ബ്ലോക്കിന്റെ കാഠിന്യം ശരിക്കും മനസിലായത്. ആ ബസ് കോഴിക്കോട് നിന്ന് 1.45-ന് എടുക്കേണ്ടതായിരുന്നു. ബ്ലോക്ക് കാരണം 2.15-നാണ് ചുരമിറങ്ങി കോഴിക്കോട് തന്നെ എത്തിയതത്രെ. ടൈമിങ് ആകെ തെറ്റിയതോടെ വൈകിയോടുന്ന വണ്ടിയിലാണ് കയറിയതെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. അപ്പോഴേക്കും കണ്ടക്ടര്‍ക്ക്‌ കൊടുക്കാനെടുത്ത എന്റെ കൈയിലെ നൂറു രൂപ നോട്ടില്‍ വിയര്‍പ്പ് പറ്റിപ്പിടിക്കാന്‍ തുടങ്ങിയിരുന്നു.

ബസ് കുന്ദമംഗലവും കൊടുവള്ളിയും താമരശ്ശേരിയും ഈങ്ങാപ്പുഴയും സുഖസുന്ദരമായി പിന്നിട്ടു. എന്നാല്‍ കൈതപ്പൊയില്‍ എത്തിയതോടെ യാത്രയുടെ മോഡ് മാറി. ശരവേഗത്തില്‍ വന്ന ബസ് കടിഞ്ഞാണ്‍ വലിച്ചപോലെ നിന്നു. വിന്‍ഡോയിലൂടെ തല പുറത്തിട്ടുനോക്കിയപ്പോള്‍ മുന്നില്‍ വാഹനങ്ങളുടെ നീണ്ടനിര. പല കമ്പനികളുടെ പല നിറത്തിലുള്ള കാറുകള്‍. അതിനിടയില്‍ ഒന്ന് രണ്ട് ഓട്ടോകളും കെഎസ്ആര്‍ടിസി ബസും. വാച്ചിലേക്ക് നോക്കിയപ്പോള്‍ സമയം 5.15. ബസ് ഒച്ചായി രൂപാന്തരം പ്രാപിച്ചു. ഇഴഞ്ഞിഴഞ്ഞ് മുന്നോട്ടുനീങ്ങി. യാത്രക്കാരെല്ലാം പിറുപിറുക്കാന്‍ തുടങ്ങി. ഏത് നേരത്താണാവോ ഇറങ്ങിപ്പുറപ്പെട്ടത് എന്ന ഭാവമായിരുന്നു മിക്കവരുടേയും മുഖത്ത്.

എന്നാല്‍ ‘ഇതൊക്കെ കണാരന്‍ എത്ര കണ്ടതാ’ എന്ന മട്ടിലായിരുന്നു ഡ്രൈവര്‍. ക്ഷമയുടെ പര്യായ പദം. റോഡിന് അരികിലുള്ള തട്ടുകടക്കാരനോട്‌ വിശേഷം ചോദിച്ചും എതിര്‍വശത്തൂടെ ഓട്ടോയില്‍ പോയവരോട് കൈ കാണിച്ചുമെല്ലാമായിരുന്നു ഡ്രൈവിങ്. അയാളുടെ നാടാണ് കൈതപ്പൊയിലെന്ന് തോന്നുന്നു. അതിനിടയില്‍ എതിരെ വന്ന ബൈക്കുകാരന്‍ സൈഡാക്കി പറഞ്ഞു, ‘ഇടയ്ക്കൂടെ കയറ്റാന്‍ നോക്കണ്ട, അടിവാരത്ത് പോലീസ് ണ്ട്’. വണ്‍വേ തെറ്റിച്ച് വെറുതെ പണി കിട്ടണ്ട ന്ന് സാരം.

അതിനിടയില്‍ ഇടയ്‌ക്കൊന്ന് മയങ്ങിപ്പോയി. പിന്നീട് കണ്ണ് തുറന്നപ്പോള്‍ വണ്ടി ഇഴഞ്ഞിഴഞ്ഞ് അടിവാരത്ത് എത്തിയിരുന്നു. കാത്തുകെട്ടിക്കിടപ്പിന്റെ മണിക്കൂറുകള്‍ ഉദ്ഘാടനം ചെയ്ത് ബസിലെ മ്യൂസിക് സിസ്റ്റത്തില്‍ നിന്നൊരു പാട്ടൊഴുകി ‘കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു…’. ഈ സാഹചര്യത്തിന് ഇതിലും മികച്ചൊരു പാട്ട് ഈ ദുനിയാവിലുണ്ടാകില്ല. പടച്ചോന്റെ ഓരോ കളികളേയ്!

‘മഴ മാറി വെയിലായി ദിനമേറെ കൊഴിഞ്ഞ’പ്പോഴേക്കും പാട്ട് മുറിച്ചുകൊണ്ട് ക്ലീനറുടെ ശബ്ദമെത്തി. ‘ആര്‍ക്കെങ്കിലും ചായയോ ബിസ്‌ക്കറ്റോ വേണെങ്കി ഇപ്പോ പറഞ്ഞോളീ…ചുരം കേറിത്തൊടങ്ങിയാ പിന്നെ ഒരു തുള്ളി വെള്ളം കിട്ടൂല.’ ഇതോടെ യാത്രക്കാരുടെ കൈയില്‍ നിന്ന് പത്തിന്റേയും ഇരുപതിന്റേയും അമ്പതിന്റേയും നോട്ടുകള്‍ ക്ലീനറുടെ കൈയിന് നേരെ നീങ്ങി. എല്ലാം കളക്ട് ചെയ്ത് ക്ലീനര്‍ ചായക്കടയിലേക്ക് ഓടി. നിമിഷനേരത്തിനുള്ളില്‍ ബസ് ഒരു ചായക്കടയായി മാറി. കട്ടന്‍ ചായയും വിത്തൗട്ടും പൊടിച്ചയായുമെല്ലാം ആളുകള്‍ ഊതിയൂതി കുടിച്ചു. ആ സമയത്ത് കെഎസ്ആര്‍ടിസി ബസില്‍ കയറാന്‍ മടിച്ച എന്നെ ഞാന്‍ തന്നെ തോളില്‍തട്ടി അഭിനന്ദിച്ചു. കെഎസ്ആര്‍ടിസിയില്‍ കയറിയിരുന്നെങ്കില്‍ അടൂര്‍ സിനിമയിലെ നിശബ്ദത പോലെയാകുമായിരുന്ന ‘ബ്ലോക്ക് യാത്ര’ സിദ്ദീഖ് ലാല്‍ സിനിമയിലെ ചിരി സീന്‍ പോലെയാക്കി മാറ്റിയില്ലേ ആ പ്രൈവറ്റ് ബസ്.

ഇതിനിടയില്‍ താമരശ്ശേരിയില്‍ നിന്ന് കയറിയ രണ്ട് കുഞ്ഞുങ്ങള്‍ ഉറക്കം പിടിച്ചുതുടങ്ങിയിരുന്നു. ഉറങ്ങുന്ന സമയമായാല്‍ പിന്നെ വീടാണെന്നോ ബസാണെന്നോ വ്യത്യാസം കുഞ്ഞുങ്ങള്‍ക്കില്ലല്ലോ. ചൂടെടുത്ത് ഉറക്കം മുറിയാതിരിക്കാന്‍ അമ്മമാര്‍ കുട്ടികളുടെ കുപ്പായമെല്ലാം ഊരിയെടുത്തിട്ടുണ്ട്. ആളുകളുടെ സംസാരം ഉച്ചത്തിലായതോടെ ഡ്രൈവര്‍ പാട്ട് നിര്‍ത്തി. മഴയില്‍ വാഴക്കൃഷി നശിച്ചുപോയതും വീട്ടിലെ കിണറ്റില്‍ പൂച്ച വീണതുമെല്ലാമാണ് സംസാരവിഷയം. അതിനിടയില്‍ ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘര്‍വും ചുരത്തിലെ ബ്ലോക്കിനുള്ള കാരണങ്ങളുമെല്ലാം കടന്നുവന്നു. ആംബുലന്‍സില്‍ എമര്‍ജന്‍സിയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോകുന്നവരും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്നവരും ഈ ബ്ലോക്കില്‍ കുടുങ്ങിയാലുള്ള അവസ്ഥയോര്‍ത്ത് മുന്‍സീറ്റിലിരുന്ന ഒരാള്‍ നെടുവീര്‍പ്പിട്ടു.

അപ്പോഴേക്കും ബസ് ഒന്നാം വളവ് പിന്നിട്ടിരുന്നു. ഇടയ്ക്ക് തൊട്ടടുത്ത സീറ്റിലിരിക്കുന്ന എംഎസ്ഡബ്ല്യു വിദ്യാര്‍ഥിനികളുടെ ഫോണിലേക്ക് കോള്‍ വന്നു. വീട്ടില്‍ നിന്നാണ്. രാത്രിയായിട്ടും മകളെ കാണാഞ്ഞിട്ട് അമ്മ വിളിക്കുകയാണ്. മൂന്നാം വളവ് കഴിഞ്ഞുവെന്ന് അവള്‍ പറയുന്നുണ്ട്. അവള്‍ ഫോണ്‍ വെച്ചപ്പോള്‍ മൂന്നാം വളവായില്ല മോളേ, ഒന്നാം വളവാണെന്ന് ഞാന്‍ തിരുത്തിപ്പറഞ്ഞു കൊടുത്തു. അപ്പോള്‍ അവളുടെ തഗ് മറുപടി…’അത് എനിക്കറിയാം ചേച്ചീ, വീട്ടുകാര് ടെന്‍ഷന്‍ അടിക്കണ്ടെന്ന് കരുതി കുറച്ച് കൂട്ടിപ്പറഞ്ഞതാണ്’ ന്ന്.

ചുരം എട്ടാം വളവിലെത്തിയപ്പോള്‍ ഈ ബ്ലോക്കുകള്‍ക്കെല്ലാം ‘കാരണഭൂതരായ’ ആ മള്‍ട്ടി ആക്‌സില്‍ ലോറിയെ ഞാന്‍ ദര്‍ശിച്ചു. തീവണ്ടിപ്പാത പോലെ നീണ്ട ഈ വാഹനനിര സൃഷ്ടിച്ച ആ ലോറിയുടെ ദിവ്യാദ്ഭുതത്തെ തൊട്ടുവണങ്ങാനും മറന്നില്ല. ഒമ്പതാം വളവില്‍ ‘പ്രതീക്ഷയുടെ പൊന്‍കിരണമായി’ റോസ് കടലാസ് പൂക്കള്‍ എന്നെ സ്വാഗതം ചെയ്തു. കുറച്ചുകൂടി പിന്നിട്ടപ്പോള്‍ ലക്കിടി അതാ മുന്നില്‍ തെളിഞ്ഞുനില്‍ക്കുന്നു. ചുരം അവസാനിക്കുമ്പോഴുള്ള ‘വയനാട്ടിലേക്ക് സ്വാഗതം’ എന്ന വലിയ ബോര്‍ഡ് കണ്ട് എന്റെ കണ്ണും മനസും നിറഞ്ഞു. ആ ബോര്‍ഡ് ഇത്രയും അര്‍ത്ഥതലങ്ങളുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ആ നിമിഷമാണ്. അപ്പോള്‍ സമയം രാത്രി 11.07 (14 കിലോമീറ്ററുള്ള ചുരം പിന്നിടാനെടുത്തത് അഞ്ചര മണിക്കൂര്‍).

പക്ഷേ ആശ്വസിക്കാന്‍ സമയമായിട്ടുണ്ടായിരുന്നില്ല. ചുണ്ടേല്‍ വരെ വാഹനങ്ങളുടെ നീണ്ടനിര മുന്നില്‍ തെളിഞ്ഞുകിടപ്പുണ്ടായിരുന്നു. ഇടയ്ക്ക് കോഴിക്കോട്ടേയ്ക്കുള്ള വണ്ടികള്‍ വണ്‍വേ ലൈന്‍ തെറ്റിച്ച് കയറിക്കിടക്കുന്നുമുണ്ട്. അവരോട് സൗമ്യമായ ഭാഷയില്‍ ഡ്രൈവര്‍ മൊഴിഞ്ഞത് ഇങ്ങനെയാണ്..’മുത്തേ..ഈ പോക്ക് പോയാല്‍ നീ ചുരത്തിന്റെ താഴെ എത്തില്ലാ ട്ടോ…’ ചുണ്ടേല്‍ പിന്നിട്ടതോടെ വണ്ടികള്‍ കുറഞ്ഞു. പിന്നീട് യാത്ര സാധാരണ പോലെയായി. ഒടുവില്‍ കല്‍പ്പറ്റ പഴയ സ്റ്റാന്റിന് പുറത്ത് വണ്ടി നിര്‍ത്തിയപ്പോള്‍ ഞാന്‍ സീറ്റില്‍ നിന്നെണീറ്റു. എട്ടു മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് അവസാനമായിരിക്കുന്നു. നന്ദനത്തിലെ കുമ്പിടിയെപ്പോലെ ഒരു ദീര്‍ഘനിശ്വാസം എന്നില്‍ നിന്ന് പുറത്തേക്ക് വന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!