കണ്ണൂർ : യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഒട്ടും പിന്നിലല്ല വടക്കേ മലബാറിലെ റെയിൽവേ സ്റ്റേഷനുകൾ. സ്റ്റേഷനുകൾക്ക് ഗ്രേഡും പദവികളുമെല്ലാം പ്രഖ്യാപിക്കുമ്പോൾ വരുമാനക്കണക്കുകളും റെയിൽവേ അഭിമാനപൂർവം പ്രസിദ്ധീകരിക്കാറുണ്ട്.
എന്നിട്ടും ട്രെയിനുകളുടെ എണ്ണമെടുക്കുമ്പോൾ വടക്കേ മലബാർ എന്നും പിന്നിലാണ്. മണിക്കൂറുകളോളം ട്രെയിനുകളില്ലാത്ത സ്ഥിതി. അക്ഷരാർഥത്തിൽ വാഗൺ ട്രാജഡിയാണ് വടക്കേ മലബാറിലെ ട്രെയിനുകളിൽ നടക്കുന്നത്. ശ്വാസംമുട്ടി മരണത്തിന്റെ വക്കിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നഴ്സിങ് വിദ്യാർഥിനിയോട് അമൃത് ഭാരത്, വന്ദേഭാരത് എന്നെല്ലാം പ്രസംഗിച്ചിട്ട് എന്തുകാര്യമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
ഇപ്പോൾ എന്തുസംഭവിച്ചു?
കോവിഡിനു ശേഷം ജീവിതം സാധാരണ നിലയിലേക്ക് എത്തിയപ്പോഴാണ് ട്രെയിൻ സർവീസുകൾ മുൻപത്തേക്കാൾ ദുരിതം സമ്മാനിക്കുന്നതായി മാറിയത്. അതിനു കാരണങ്ങൾ പലതാണ്. കോവിഡിനു മുൻപ് ഓടിയിരുന്ന മുഴുവൻ ട്രെയിനുകളും പുനഃസ്ഥാപിക്കാത്തതും ഹാൾട്ട് സ്റ്റേഷനുകളിലെ ഉൾപ്പെടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചതും സമയക്രമം മാറ്റിയതുമെല്ലാം യാത്രക്കാരെ ബാധിച്ചു.
ജനറൽ കോച്ചുകൾ വെട്ടിക്കുറച്ച് എസി കോച്ചുകൾ കൂട്ടിയതും ഡി–റിസർവ്ഡ് കോച്ചുകളുടെ എണ്ണം കുറച്ചതും ദുരിതമേറ്റി. ദേശീയപാത നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ റോഡ് വഴിയുള്ള യാത്ര പലരും കുറച്ചു. പെട്രോൾ, ഡീസൽ വില താങ്ങാൻ പറ്റാത്ത വിധം ഉയർന്നതോടെ സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്തിരുന്നവരും ട്രെയിനുകളിൽ യാത്ര ചെയ്യാൻ തുടങ്ങി.
മോഹിപ്പിച്ച് കടന്നു ത്രി ഫേസ് മെമു
മംഗളൂരുവരെയുള്ള ഭാഗത്തെ വൈദ്യുതീകരണം പൂർത്തിയായാൽ മെമു അനുവദിക്കുമെന്നായിരുന്നു വർഷങ്ങളായി വടക്കേ മലബാറുകാർ കേട്ടുകൊണ്ടിരുന്ന വാഗ്ദാനം. കാത്തിരിപ്പിനൊടുവിൽ മെമു അനുവദിച്ചപ്പോൾ അതു പുതിയ ട്രെയിനായല്ല സർവീസ് തുടങ്ങിയത്. പഴയ മംഗളൂരു പാസഞ്ചറിന്റെ സമയത്ത് മെമു റേക്ക് ഓടിക്കുകയായിരുന്നു റെയിൽവേ. 12 കോച്ചുകളുള്ള ത്രി ഫേസ് മെമുവിൽ മൂവായിരത്തോളം പേർക്ക് യാത്ര ചെയ്യാമെന്നു പറഞ്ഞായിരുന്നു ഉദ്ഘാടനം.
കണ്ണൂർ–മംഗളൂരു പാതയിലെ യാത്രാ ദുരിതത്തിന് നേരിയ പരിഹാരം പ്രതീക്ഷിച്ചു കാത്തിരുന്ന യാത്രക്കാർക്ക് പക്ഷേ, കിട്ടിയത് ഇരുട്ടടിയാണ്. 12 കോച്ചുള്ള മെമുവിനു പകരം പല ദിവസങ്ങളിലും ഓടിച്ചത് 8 കോച്ചുള്ള മെമു. ഫലമോ യാത്രക്കാരിൽ പലർക്കും കയറാൻ പോലും കഴിയാത്ത സ്ഥിതി. പ്രതിഷേധം കനത്തതോടെ മെമു റേക്ക് തിരിച്ചെടുത്ത് വീണ്ടും പഴഞ്ചൻ പാസഞ്ചർ കോച്ച് ഓടിക്കാൻ തുടങ്ങി. റൂട്ടും സമയവുമെല്ലാം പഴയതു തന്നെയെങ്കിലും കോവിഡിനു ശേഷം പക്ഷേ, ട്രെയിനിന്റെ പേരു മാറ്റിയിരുന്നു – ‘സ്പെഷൽ എക്സ്പ്രസ്’. അതിന്റെ പേരിൽ എക്സ്പ്രസ് നിരക്ക് നൽകിയാണ് ഇപ്പോഴത്തെ ദുരിതയാത്ര !
ആളില്ലാ നേരത്ത് ഓടിച്ച ബൈന്തൂർ പാസഞ്ചർ
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രക്കാർക്കുകൂടി പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ബൈന്തൂർ പാസഞ്ചർ പ്രഖ്യാപിച്ചത്. 2015 ഫെബ്രുവരിയിൽ കാസർകോട് നിന്നു യാത്ര പുറപ്പെടുന്ന രീതിയിലായിരുന്നു ട്രെയിൻ ഓടിത്തുടങ്ങിയത്. യാത്രക്കാരുടെ അഭ്യർഥന മാനിച്ച് ട്രെയിൻ കണ്ണൂരിലേക്ക് നീട്ടിയെങ്കിലും സമയക്രമം ഉപകാരപ്രദമായ തരത്തിലായിരുന്നില്ല.
പലവട്ടം നിവേദനങ്ങളിലൂടെയും എംപിമാർ വഴിയും റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഗണിച്ചതേയില്ല. പുലർച്ചെ 4.15നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് കാസർകോട് സ്റ്റേഷനിൽ ഒരു മണിക്കൂറോളം നിർത്തിയിട്ട ശേഷം ബൈന്തൂരിലേക്ക് പോകുന്ന തരത്തിലായിരുന്നു സമയക്രമം. തിരികെ കണ്ണൂരിലേക്കുള്ള യാത്രയിലും കാസർകോട്ടെ ഒരു മണിക്കൂർ നീണ്ട പിടിച്ചിടൽ തുടർന്നു. ഇതോടെ യാത്രക്കാർക്ക് ഉപകാരമില്ലാത്ത ട്രെയിനായി ബൈന്തൂർ പാസഞ്ചർ മാറി.
രാവിലെ 6.40നു കണ്ണൂരിൽ നിന്നു പുറപ്പെടുന്ന തരത്തിൽ സമയക്രമം നിശ്ചയിച്ചിരുന്നെങ്കിൽ കണ്ണൂർ–കാസർകോട് ജില്ലക്കാർക്കു മാത്രമല്ല, കോഴിക്കോട് ജില്ലയിൽ നിന്നും മറ്റും മംഗളൂരുവിലേക്കും മൂകാംബികയിലേക്കും യാത്ര ചെയ്യുന്നവർക്കും ഗുണകരമായേനെ. ആർക്കും ഉപകാരമില്ലാത്ത തരത്തിൽ ആളില്ലാത കുറച്ചുകാലം ട്രെയിൻ ഓടിച്ച് 2017ൽ നിർത്തലാക്കുകയാണ് റെയിൽവേ ചെയ്തത്.
ഇനിയും തിരിച്ചെത്താതെനവയുഗ് എക്സ്പ്രസ്
പതിറ്റാണ്ടുകളോളം കേരളത്തെ കശ്മീരുമായി ബന്ധിപ്പിച്ച് ഓടിക്കൊണ്ടിരുന്ന നവയുഗ് എക്സ്പ്രസ് കോവിഡ് ലോക്ഡൗണിനു ശേഷം മംഗളൂരുവിലേക്കുള്ള ഓട്ടം (16687/88) പുനരാരംഭിച്ചില്ല. രാജ്യത്തെ ഏറ്റവും നീളമേറിയ റെയിൽ റൂട്ടുകളിലൊന്നായിരുന്നു മംഗളൂരുവിൽ നിന്നു പുറപ്പെട്ട് 70 മണിക്കൂറിലേറെ യാത്ര ചെയ്ത് നാലാം ദിനത്തിൽ കശ്മീരിലെ ശ്രീ മാതാ വൈഷ്ണോദേവി കത്ര സ്റ്റേഷനിൽ എത്തിയിരുന്ന ഈ പ്രതിവാര ട്രെയിനിന്റേത്. രാജ്യത്തെ ഏറ്റവും അധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോയിരുന്ന ട്രെയിനും നവയുഗ് എക്സ്പ്രസ് ആയിരുന്നു.
മംഗളൂരുവിൽ നിന്നു തിങ്കളാഴ്ച വൈകിട്ട് 5.05ന് പുറപ്പെട്ട് വെള്ളിയാഴ്ച വൈകിട്ട് 3.10ന് കശ്മീരിൽ എത്തുമ്പോഴേക്കും 14 സംസ്ഥാനങ്ങളെയാണ് നവയുഗ് സ്പർശിച്ചിരുന്നത്. 3686 കിലോമീറ്റർ താണ്ടി 67 സ്റ്റേഷനുകളിൽ നിർത്തിയുള്ള ഈ യാത്ര രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കും തീർഥാടകർക്കുമെല്ലാം വലിയ അനുഗ്രഹമായിരുന്നു. സൈനിക, അർധസൈനിക വിഭാഗങ്ങളിലും മറ്റും ജോലി ചെയ്യുന്നവർ അക്കാലത്ത് ഏറ്റവും അധികം ആശ്രയിച്ചിരുന്ന ട്രെയിനും ഇതായിരുന്നു. ഇതു പരിഗണിച്ച് കേന്ദ്ര സായുധ പൊലീസ് സേനകളുടെ യാത്രയ്ക്ക് മാത്രമായി പ്രത്യേക ത്രീ ടയർ എസി കോച്ചും 2013 മുതൽ നവയുഗ് എക്സ്പ്രസിൽ കൂട്ടിച്ചേർത്തിരുന്നു.
എക്സ്പ്രസ് ഹർജി ഒപ്പുശേഖരണം 30 മുതൽ
വടക്കേ മലബാറിൽ ട്രെയിൻ യാത്രക്കാർ നേരിടുന്ന ദുരിതങ്ങൾ റെയിൽവേ മന്ത്രിയുടെയും റെയിൽവേ ബോർഡിന്റെയും ശ്രദ്ധയിലെത്തിക്കാൻ മലയാള മനോരമയുടെ നേതൃത്വത്തിലുള്ള എക്സ്പ്രസ് ഹർജി ഒപ്പുശേഖരണം 30നു തുടങ്ങും.
കോഴിക്കോടിനും മംഗളൂരുവിനും ഇടയിൽ അടിയന്തരമായി കൂടുതൽ ട്രെയിനുകൾ അനുവദിക്കുക, മംഗളൂരുവിലും കോഴിക്കോട്ടും യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ കണ്ണൂർ വഴി നീട്ടുക, മലബാറിലെ യാത്രക്കാർക്കു കൂടി പ്രയോജനപ്പെടുന്ന തരത്തിൽ സമയക്രമം പരിഷ്കരിക്കുക, നിലവിലെ ട്രെയിനുകളിൽ കൂടുതൽ ഡീ റിസർവ്ഡ് കോച്ചുകൾ അനുവദിക്കുക, ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടുക, സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, കോവിഡിനു മുൻപുണ്ടായിരുന്ന ട്രെയിനുകൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി നൽകുക.
വിവിധ പാസഞ്ചർ അസോസിയേഷനുകളുടെയും റെയിൽവേ സ്റ്റേഷൻ വികസന സമിതികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ഒപ്പുശേഖരണം.
പരശുറാം എക്‌സ്പ്രസിൽ കോച്ച് കൂട്ടുമെന്ന് പി.കെ.കൃഷ്ണദാസ്
തിരക്കു കാരണം യാത്രക്കാർ ശ്വാസംമുട്ടി കുഴഞ്ഞു വീഴുന്നതു പതിവായ പരശുറാം എക്‌സ്പ്രസിൽ ഒരു ജനറൽ കോച്ച് കൂടി അനുവദിക്കുമെന്ന് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായി റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി മുൻ ചെയർമാനുമായ പി.കെ.കൃഷ്ണദാസ് അറിയിച്ചു.
യാത്രാദുരിതം സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ്, പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജർ എൻ.ശ്രീകുമാർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് അറിയിച്ചത്. ഹ്രസ്വദൂര യാത്രയ്ക്കായി കണ്ണൂർ-കോഴിക്കോട്, കണ്ണൂർ-ഷൊർണൂർ റൂട്ടൂകളിൽ കൂടുതൽ മെമു സർവീസ് ആരംഭിക്കണമെന്ന് റെയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.