ചെണ്ടയിൽ വിസ്മയം തീർത്ത് ആറുവയസ്സുകാർ മുതൽ 68-കാരൻ വരെ

കരിവെള്ളൂർ : ആറുവയസ്സുള്ള ഇമയ് നെവിലും അദിതി രതീഷും 68-കാരൻ ടി.വി.മോഹനനും ഒരേ സമയം ചെണ്ടയിൽ ആദ്യക്ഷരം കുറിച്ചപ്പോൾ കാണികളിൽ വിസ്മയം.
കരിവെള്ളൂർ തെരു മഠപ്പള്ളി സോമേശ്വരി ക്ഷേത്രത്തിന് കീഴിലുള്ള സോമേശ്വരി വാദ്യകലാവേദിയുടെ പുതിയ ബാച്ചിന്റെ ചെണ്ട അരങ്ങേറ്റമാണ് തലമുറകളുടെ സംഗമംകൊണ്ട് വ്യത്യസ്തമായത്.
നാല് പെൺകുട്ടികളടക്കം എല്ലാ പ്രായത്തിലുമുള്ള 35 പേരാണ് അരങ്ങേറ്റം കുറിച്ചത്. സോമേശ്വരി ക്ഷേത്ര തിരുമുറ്റത്താണ് അരങ്ങേറ്റം നടന്നത്.
ത്രിപുടയിൽ തുടങ്ങി ചെമ്പടയും മുറി അടന്തയുമായി രണ്ടുമണിക്കൂറോളം പ്രായം മറന്ന് എല്ലാവരും കൊട്ടിക്കയറി. നാലുമാസം കൊണ്ടാണ് പരിശീലനം പൂർത്തിയാക്കിയത്. തെരുവിലെ കെ.വി.രമേശനാണ് പരിശീലകൻ. കെ.എൻ.ഗണേശൻ, ടി.ടി.വി.സന്തോഷ് എന്നിവർ സഹായികളായുണ്ടായിരുന്നു.