ചെറിയ കുട്ടികളിൽ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് പഠനത്തിൽ കാണുന്ന തടസ്സങ്ങളും ബുദ്ധിമുട്ടുകളും. എന്നാൽ, കുട്ടികളിൽ ഇതിന്റെ അടയാളങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ അതിനെ തിരിച്ചറിഞ്ഞ് വ്യക്തമായ രീതിയിൽ അവർക്ക് പിന്തുണ നൽകാൻ കഴിയാത്തതാണ് വലിയ പ്രശ്നം സൃഷ്ടിക്കുന്നത്. ചെറിയ പ്രായത്തിൽ, ചെറിയ ക്ലാസ്സുകളിൽ പഠിക്കുമ്പോഴും കുട്ടികൾക്ക് പഠിക്കാൻ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാവാറുണ്ട്. അതിനെയെല്ലാം അവരുടെ ബുദ്ധിയില്ലായ്മയായിട്ടാണ് പലരും കണക്കാക്കുന്നത്. ഓരോ കുട്ടിയും പഠനത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പല കാരണങ്ങളാലാണ്. അതിനെ കണ്ടെത്തി അവർക്ക് പ്രചോദനം നൽകുന്നതിനും പരിശീലിപ്പിക്കുന്നതിനും ഏതു തരത്തിലുള്ള പഠനവൈകല്യം (Learning Disabiltiy) ആണ് അവർക്കുള്ളതെന്ന് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്.
പഠനവൈകല്യം ഉള്ള പല കുട്ടികളും വൈകാരികചൂഷണത്തിന് ഇരയാകാറുണ്ട്. കുട്ടികളിൽനിന്ന് അവരുടെ ചെറിയ പ്രായത്തിൽ അമിതമായി പലതും പ്രതീക്ഷിക്കുന്ന രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ പഠനത്തിലുള്ള കഴിവ് എത്രയാണെന്ന് മനസ്സിലാക്കുന്നില്ല. രക്ഷിതാക്കൾ മാത്രമല്ല സ്കൂളിലെ അധ്യാപകരും കുട്ടികളുടെ പഠനപ്രായത്തിൽ അവരെ വളരയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിലെ പഠനവൈകല്യങ്ങൾ തിരിച്ചറിയുകയും അത് ഏതു രീതിയിലാണ് അവരെ ബാധിക്കുന്നതെന്ന് വ്യക്തമായി മനസ്സിലാക്കുകയുമാണ് വേണ്ടത്.
തലച്ചോറിനെ ബാധിക്കുന്ന ഒരു പ്രശ്നമാണ് പഠനവൈകല്യം. എല്ലാവർക്കും ഒരേ വഴിയിലൂടെ തന്നെ പ്രശ്നങ്ങളെ പരിഹരിക്കാനോ കാണാനോ സാധിക്കണമെന്നില്ല. പഠനവൈകല്യം ചികിത്സിച്ചു മാറ്റാൻ കഴിയുന്ന ഒന്നല്ല എന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്. ഓരോ വ്യക്തികളിലും പഠിക്കാനുള്ള ബുദ്ധിമുട്ട് നേരിടുന്നത് പല തരത്തിലാണ്. പഠനമേഖലയിലും ജോലിസ്ഥലത്തും നിത്യജീവിതത്തിലെ പല സാഹചര്യങ്ങളിലും ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉള്ളവരെ പരിഹസിക്കുകയോ കളിയാക്കുകയോ ചെയ്യാതെ കൂടെ നിൽക്കുകയും പിന്തുണയ്ക്കുകയുമാണ് വേണ്ടത്. അതുവഴി ഇവരെ ജീവിത വിജയത്തിലേക്ക് ഒരു പരിധിവരെ കൊണ്ടുവരാനായി സാധിക്കും.
സ്കൂൾ എന്നതുപോലെ തന്നെ വീട്, സമൂഹം എന്നിവയും പഠനത്തെ വളരെയധികം സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സന്തോഷകരമായ സ്കൂൾ അന്തരീക്ഷം, നല്ല അധ്യാപകർ, നല്ല കുടുംബാന്തരീക്ഷം, നല്ല പിയർ ഗ്രൂപ്പ് ഇവയെല്ലാം പഠനത്തെ സഹായിക്കുമ്പോൾ, തകർന്ന കുടുംബബന്ധങ്ങൾ, രക്ഷിതാക്കളുടെ മദ്യപാനം, വീട്ടിലെ പഠിക്കാനുള്ള അസൗകര്യം തുടങ്ങിയവ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു. മാത്രമല്ല പേടി, നിരാശ, വിഷാദം തുടങ്ങിയ മാനസികാരോഗ്യക്കുറവും കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കാം.
ഇത്തരം പ്രശ്നങ്ങളൊന്നും ഇല്ലാതെ, സാമാന്യമോ അതിൽ കൂടുതലോ ബുദ്ധിവൈഭവമുള്ള കുട്ടികളിൽ പഠനത്തിന് ആവശ്യമായ ഭാഷ, എഴുത്ത്, വായന, കണക്ക് എന്നിവയിൽ കഴിവ് ആർജിക്കുന്നതിലും അവ പ്രയോഗിക്കുന്നതിലും ഉള്ള ബുദ്ധിമുട്ടിനെയാണ് പഠനവൈകല്യമായി കണക്കാക്കുന്നത്. ഇത് ബുദ്ധിക്കുറവല്ല. മറിച്ച് ഒളിഞ്ഞു കിടക്കുന്ന ഒരു വൈകല്യമാണ്. തലച്ചോറിന്റെ ഘടനയിൽ ഉണ്ടാകുന്ന ചില പ്രത്യേകതകളാണ് പഠനവൈകല്യത്തിന് കാരണം.
കുട്ടികളിലെ പഠനവൈകല്യങ്ങൾ നിരീക്ഷിക്കാം
1. ക്ലാസിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ കുട്ടിക്ക് വീട്ടിൽ വന്ന് പറയാൻ കഴിയുന്നുണ്ടാവും. പക്ഷേ, എഴുതാൻ പറഞ്ഞാൽ കുട്ടി ആകെ കുഴഞ്ഞു പോകുക
2. വാക്കുകളുടെ സ്പെല്ലിങ് എഴുതുമ്പോൾ തെറ്റിച്ചെഴുതുക. വല്ലപ്പോഴും ഒരു വാക്ക് തെറ്റിച്ചെഴുതുന്നതല്ല, മറിച്ച് സ്ഥിരമായി എല്ലാ സ്പെല്ലിങ്ങും തെറ്റിച്ചു തന്നെ എഴുതുക. ഒരു വാക്കിൽ തന്നെ പല അക്ഷരങ്ങളും വിട്ടു പോവുകയും ചെയ്യുക.
3. സ്പെല്ലിങ് എഴുതുമ്പോൾ അക്ഷരങ്ങൾ പരസ്പരം സ്ഥാനം തെറ്റിച്ചാവും എഴുതുക. ഉദാഹരണമായി ടോപ്പ് എന്നു പറഞ്ഞാൽ എഴുതി വരുമ്പോൾ പോട്ട് എന്നാവും. മലയാളത്തിലാണെങ്കിൽ ‘ട്ട’ യും ‘ണ്ട’ യും പരസ്പരം മാറി പോവുക.
4. അക്കങ്ങൾ പലപ്പോഴും മറിച്ചെഴുതുക. 15′ ന് പകരം എഴുതിക്കഴിയുമ്പോൾ ’51 ‘ എന്നാകും.
5. വായിക്കുമ്പോൾ കുട്ടി മനപ്പൂർവമല്ലാതെ വാക്കുകളോ, ചിലപ്പോൾ വരി തന്നെയോ വിട്ടുകളയുക.
6. അക്ഷരങ്ങൾ നിർത്തി നിർത്തി വായിക്കുക. സ്ഫുടതയില്ലാത്തതോ വേഗത കുറഞ്ഞതോ ആയ വായനയാവും ഇവരുടേത്. പക്ഷേ, സംസാരിക്കുമ്പോൾ തടസ്സങ്ങൾ ഉണ്ടാവണമെന്നില്ല.
7. ഒരു വാക്കിന്റെ തുടക്കം കാണുമ്പോൾ ബാക്കി ഊഹിച്ചെടുത്ത് വായിക്കുക. ഉദാഹരണത്തിന് ഡബ്ല്യു എന്ന് കാണുമ്പോഴേ വേഗത്തിൽ ‘വാട്ട്’ എന്ന് വായിച്ചുകഴിഞ്ഞിരിക്കുക.
8. ഗണിതപ്പട്ടിക പഠിക്കാൻ കുട്ടി വളരേ പ്രയാസപെടുക. നല്ല ബുദ്ധിയുളള കുട്ടിയാണെങ്കിലും പരീക്ഷയ്ക്ക് മാർക്ക് തീരെ കുറയുക.
മുകളിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും അടയാളങ്ങൾ നിങ്ങളുടെ കുട്ടിയിൽ കാണുന്നുണ്ടെങ്കിൽ അവന് /അവൾക്ക് ഏതെങ്കിലും തരത്തിലുള്ള പഠന വൈകല്ല്യം ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ കുട്ടിയെ ഒരു ചൈൽഡ് കൗൺസിലറിനേയോ (child psychologist) ലേർണിംഗ് ഡിസബിലിറ്റി സ്‌പെഷ്യലിസ്‌ററ്നേയോ സമീപിച്ച് വേണ്ട സഹായം തേടേണ്ടത് അതിപ്രധാനമാണ്.