24 മണിക്കൂറില്‍ വിക്ഷേപണത്തിനൊരുക്കാം; ഇന്ത്യന്‍ സ്വകാര്യ കമ്പനിയുടെ വിക്രം-1 റോക്കറ്റ്

ഇന്ത്യന്‍ എയറോസ്‌പേസ് സ്റ്റാര്‍ട്ട് അപ്പ് ആയ സ്‌കൈറൂട്ട് എയറോസ്‌പേസ് പുതിയ വിക്ഷേപണ റോക്കറ്റ് പുറത്തിറക്കി. ഏഴ് നിലയോളം ഉയരമുള്ള ഈ മള്‍ടി സ്റ്റേജ് റോക്കറ്റിന് വിക്രം-1 എന്നാണ് പേര്. ഉപഗ്രഹങ്ങള്‍ വിന്യസിക്കുന്നതിനായി ഉപയോഗിക്കാവുന്ന റോക്കറ്റാണിത്.
ഉപഗ്രഹങ്ങള്‍ വിന്യസിക്കാന്‍ ശേഷിയുള്ള അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആഗോള തലത്തിലെ ചുരുക്കം ചില സ്വകാര്യ റോക്കറ്റുകളിലൊന്നാണ് വിക്രം-1 എന്ന് കമ്പനി അവകാശപ്പെടുന്നു.
സ്‌കൈറൂട്ടിന്റെ വിക്രം-1
സ്‌കൈറൂട്ട് പുറത്തിറക്കുന്ന രണ്ടാമത്തെ റോക്കറ്റാണിത്. വിക്രം-എസ് എന്നായിരുന്നു ആദ്യ റോക്കറ്റിന്റെ പേര്. ഒരു സ്വകാര്യ കമ്പനി നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ റോക്കറ്റാണിത്. കഴിഞ്ഞ നവംബറില്‍ ഇത് വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു.
അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തി രൂപകല്‍പന ചെയ്ത റോക്കറ്റാണ് വിക്രം-1. ഏകദേശം 300 കിലോഗ്രാം ഭാരമുള്ള പേലോഡ് ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ എത്തിക്കാന്‍ ഈ റോക്കറ്റിന് സാധിക്കും. കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിതമാണ് ഇതിന്റെ ബോഡി. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ ഉപജ്ഞാതാവായ ഡോ. വിക്രം സാരാഭായിയുടെ പേരാണ് വിക്രം സീരീസ് റോക്കറ്റുകള്‍ക്ക് നല്‍കിയിരിക്കുന്നത്.
ചെറു ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് വേണ്ടിയാണ് ഈ റോക്കറ്റ് ഒരുക്കിയിരിക്കുന്നത്. ഒന്നിലധികം ഉപഗ്രങ്ങള്‍ ഇതിന് വിക്ഷേപിക്കാനാവും. 3ഡി പ്രിന്റ് ചെയ്ത ലിക്വിഡ് എഞ്ചിനുകളാണ് ഇതില്‍ ഉപയോഹിച്ചിരിക്കുന്നത്. ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനും ഗ്രഹാന്തര പര്യവേക്ഷണ ദൗത്യങ്ങള്‍ വിക്ഷേപിക്കുന്നതിനുമായി ഇന്ത്യയ്ക്കും വിദേശ രാജ്യങ്ങള്‍ക്കും ഈ റോക്കറ്റ് ഉപയോഗപ്പെടുത്താനാവും.
ഭാരം കുറഞ്ഞതും എന്നാല്‍ ഉറപ്പുള്ളതുമായ നിര്‍മിതി വിക്ഷേപണ സമയത്തെ സങ്കീര്‍ണ സാഹചര്യങ്ങള്‍ നേരിടുന്നതിനും മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനും റോക്കറ്റിനെ പ്രാപ്തമാക്കും. ഏത് വിക്ഷേപണ കേന്ദ്രത്തിൽ നിന്നും 24 മണിക്കൂര്‍ കൊണ്ട് റോക്കറ്റ് തയ്യാറാക്കി വിക്ഷേപണം നടത്താനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു.
2024 ആദ്യം റോക്കറ്റിന്റെ ആദ്യ വിക്ഷേപണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദില്‍ സ്‌കൈറൂട്ടിന്റെ പുതിയ ആസ്ഥാന കെട്ടിടമായ ‘മാക്‌സ് ക്യൂ’ വിന്റെ ഉദ്ഘാടന ചടങ്ങിലാണ് റോക്കറ്റും അവതരിപ്പിച്ചത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വിദ്യാ മന്ത്രി ജിതേന്ദ്ര സിങ് ആണ് ആസ്ഥാനം ഉദ്ഘാടനം ചെയ്തത്.