ഒരു ആപ്പില്‍ രണ്ട് അക്കൗണ്ടുകള്‍; വാട്‌സാപ്പ് മള്‍ട്ടിപ്പിള്‍ അക്കൗണ്ടിന്റെ ഉപയോഗങ്ങള്‍

Share our post

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പ് അടുത്തിടെയാണ് മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിച്ചത്. വാട്‌സാപ്പ് ആപ്പില്‍ ഒരേ സമയം രണ്ട് അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാന്‍ ഇതുവഴി സാധിക്കും. ദൈനം ദിന ജീവിതത്തില്‍ വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് പല വിധത്തില്‍ പ്രയോജനകരമാണ് ഈ ഫീച്ചര്‍.

മിക്കവാറും ഉപഭോക്താക്കള്‍ തങ്ങളുടെ ഫോണില്‍ രണ്ട് സിം കണക്ഷനുകള്‍ ഉപയോഗിക്കുന്നവരാണ്. ഈ രണ്ട് നമ്പറുകളിലും വാട്‌സാപ്പ് ഉപയോഗിക്കണമെങ്കില്‍ നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലെ ആപ്പ് ക്‌ളോണ്‍ സംവിധാനം ഉപയോഗിക്കേണ്ടിയിരുന്നു. അല്ലെങ്കില്‍ ഒരു നമ്പര്‍ വാട്‌സാപ്പ് ബിസിനസ് ആപ്പ് അക്കൗണ്ടാക്കി മാറ്റേണ്ടിവരും.

എന്നാല്‍ മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ എത്തുന്നതോടെ അത് ഉപഭോക്താവിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും.

നിലവില്‍ ആന്‍ഡ്രോയിഡില്‍ മാത്രമാണ് മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. അതും വാട്‌സാപ്പ് ബീറ്റാ ഉപഭോക്താക്കള്‍ക്ക് മാത്രം. ഐഒഎസില്‍ ഇതുവരെ എത്തിയിട്ടില്ല.

Whatsapp Settings – Account- Add Account ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് രണ്ടാമത്തെ അക്കൗണ്ട് ചേര്‍ക്കാം. പിന്നീട് രണ്ട് അക്കൗണ്ടുകളും മാറി മാറി ഉപയോഗിക്കാം. രണ്ടിലും വെവ്വേറെ പ്രൈവസി സെറ്റിങ്‌സും നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സും ആയിരിക്കും ആയിരിക്കും.

എന്തെല്ലാമാണ് മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചറിന്റെ പ്രയോജനം?

സ്വകാര്യ ആവശ്യത്തിനും ജോലിക്കും പ്രത്യേക നമ്പര്‍ വെക്കാം
പ്രധാനമായും മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചറിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണിത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ഒരു വാട്‌സാപ്പ് അക്കൗണ്ടും, ജോലി സംബന്ധമായ വ്യവസായ സംബന്ധമായ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മറ്റൊരു അക്കൗണ്ടും ഒരേ ആപ്പില്‍ തന്നെ ലോഗിന്‍ ചെയ്യാനാവും. ഈ രണ്ട് അക്കൗണ്ടുകളും എളുപ്പം മാറ്റി ഉപയോഗിക്കുകയും ചെയ്യാം. വ്യക്തിഗത ചാറ്റുകളും, ഓഫിഷ്യല്‍ ചാറ്റുകളും തമ്മില്‍ കൂടിക്കലരാതെ ചാറ്റുകള്‍ കൂടുതല്‍ സുഗമമാക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.
കച്ചവടക്കാര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും രണ്ട് നമ്പര്‍
ചെറുകിട വ്യവസായികളും കച്ചവടക്കാരും അവരുടെ ഉപഭോക്താക്കളുമായി സംവദിക്കുന്നതിനായി വാട്‌സാപ്പ് ഉപയോഗിക്കാറുണ്ട്. ഇതിന് പുറമെ സെയില്‍സ് ഉദ്യോഗസ്ഥര്‍, സര്‍വീസ് സെന്റര്‍ ജീവനക്കാര്‍, മെക്കാനിക്കുകള്‍ തുടങ്ങി വിവിധ ജോലികള്‍ ചെയ്യുന്നവരും ഉപഭോക്താക്കളെ ബന്ധപ്പെടുന്നതിന് വാട്‌സാപ്പ് ഉപയോഗിക്കാറുണ്ട്.
ഇവര്‍ക്കെല്ലാം വാട്‌സാപ്പ് ബിസിനസ് ആപ്പിന്റെ സഹായമില്ലാതെ രണ്ട് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ വാട്‌സാപ്പ് ആപ്പിലെ മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചറിലൂടെ സാധിക്കും. ഇത് അവരുടെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കും.

എങ്കിലും വാണിജ്യ ആവശ്യങ്ങള്‍ക്ക് വാട്‌സാപ്പ് ബിസിനസ് ആപ്പിലെ അധിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതായിരിക്കും കൂടുതല്‍ നല്ലത്.

സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യം
രാജ്യം വിട്ട് സഞ്ചരിക്കുന്ന യാത്രികര്‍ക്കും പ്രവാസികള്‍ക്കും അവരുടെ സ്വന്തം നാട്ടിലെ നമ്പര്‍ വാട്‌സാപ്പില്‍ നിലനിര്‍ത്തി തന്നെ മറ്റു രാജ്യങ്ങളിലെ ഫോണ്‍ നമ്പറില്‍ വാട്‌സാപ്പ് അക്കൗണ്ട ലോഗിന്‍ ചെയ്യാനാവും. നമ്പര്‍ മാറാതെ തന്നെ നാട്ടിലുള്ള ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ആശയവിനിമയം നടത്താന്‍ ഇത് സഹായിക്കും.
എന്തായാലും വാട്‌സാപ്പ് മള്‍ട്ടിപ്പിള്‍ അക്കൗണ്ടിനെ ഏറെ പ്രധാനപ്പെട്ടൊരു ഫീച്ചറായാണ് ഉപഭോക്താക്കള്‍ കാണുന്നത്. വാട്‌സാപ്പിന്റെ മുഖ്യ എതിരാളിയായ ടെലഗ്രാം നേരത്തെ തന്നെ മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. താമസിയാതെ തന്നെ ഈ ഫീച്ചര്‍ വാട്‌സാപ്പിന്റെ സ്റ്റേബിള്‍ വേര്‍ഷനിലേക്ക് എത്തുമെന്ന് കരുതുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!