വൈദ്യുതി ചോര്‍ച്ചയും ഇലക്‌ട്രിക് ഷോക്കും ഒഴിവാക്കാം: വീട്ടില്‍ സ്ഥാപിക്കാം ആര്‍.സി.സി.ബി

Share our post

വൈദ്യുതി ചോര്‍ച്ചയും ഇലക്‌ട്രിക് ഷോക്കും ഒഴിവാക്കാൻ വീട്ടില്‍ ആര്‍.സി.സി.ബി സ്ഥാപിക്കുന്നതിനെ കുറിച്ച്‌ വിശദീകരിച്ച്‌ കെ.എസ്‌.ഇ.ബി.വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുത പ്രവാഹമുണ്ടായാല്‍ ആ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്ക്കാൻ (Electric Shock) വലിയ സാദ്ധ്യതയുണ്ട്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രസ്തുത ഉപകരണത്തിലേക്കും സര്‍ക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിര്‍ത്തി വൈദ്യുതാഘാതം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധിയാണ് RCCB അഥവാ Residual Current Circuit Breaker. നമ്മുടെ നാട്ടില്‍ പൊതുവെ ELCB (Earth Leakage Circuit Breaker) എന്നറിയപ്പെടുന്നത് യഥാര്‍ഥത്തില്‍ RCCB എന്ന ഉപകരണമാണ്. ELCB എന്ന വോള്‍ട്ടേജ് ഓപ്പറേറ്റഡ് ഉപകരണം ഇപ്പോള്‍ പ്രചാരത്തിലില്ലെന്നും കെഎസ്‌.ഇ.ബി വ്യക്തമാക്കി.

ഒരു വൈദ്യുത സര്‍ക്യൂട്ടില്‍ സ്ഥാപിച്ചിരിക്കുന്ന RCCB ഫെയ്‌സിലൂടെയും, ന്യൂട്രലിലൂടെയും വരുന്നതും പോകുന്നതുമായ വൈദ്യുത പ്രവാഹം ഒരുപോലെയാണോ എന്ന് സദാ സമയവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഇതില്‍ റിംഗ് രൂപത്തിലുള്ള കോറിലായി മൂന്ന് കോയിലുകള്‍ ചുറ്റിയിരിക്കുന്നു. ഒരു കോയില്‍ ഫേസ് ലൈനിന് ശ്രേണിയായും (Series Connection) അടുത്തത് ന്യൂട്രല്‍ ലൈനിന് ശ്രേണിയായും, മൂന്നാമത്തെ കോയില്‍ (Tripping coil) ട്രിപ്പിംഗ് മെക്കാനിസവുമായും ബന്ധിപ്പിച്ചിരിക്കുന്നു. ഫേസ് കോയിലും ന്യൂട്രല്‍ കോയിലും വിപരീതദിശകളില്‍ ചുറ്റിയതിനാല്‍, സാധാരണഗതിയില്‍ (ലീക്കേജില്ലെങ്കില്‍ ഫേസ് കറണ്ടും ന്യൂട്രല്‍ കറണ്ടും തുല്ല്യമായിരിക്കും) ഇരുകോയിലുകളും സൃഷ്ടിക്കുന്ന കാന്തികമണ്ഡലങ്ങള്‍ പരസ്പരം നിര്‍വീര്യമാക്കപ്പെടുന്നു.

പരിണിത കാന്തിക മണ്ഡലം (Resultant magnetic feild) പൂജ്യമായതിനാല്‍ റിലേ പ്രവര്‍ത്തിക്കുന്നില്ല. സര്‍ക്കീട്ടില്‍ എവിടെയെങ്കിലും കറണ്ട് ലീക്കേജ് ഉണ്ടായാല്‍, ന്യൂട്രല്‍ കറണ്ടില്‍ വ്യത്യാസം ഉണ്ടാവുകയും പരിണിത കാന്തിക മണ്ഡലം (Resultant magnetic feild) വര്‍ദ്ധിക്കുകയും ചെയ്യുന്നു. തല്ഫലമായി റിലേ കോയിലില്‍ ഒരു പൊട്ടൻഷ്യല്‍ വ്യതിയാനം അനുഭവപ്പെടുകയും കോയില്‍ ഉത്തേജിപ്പിക്കപ്പെട്ട് ട്രിപ്പിംഗ് മെക്കാനിസം പ്രവര്‍ത്തിച്ച്‌ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നു. Residual Magnetic Flux-നാല്‍ ട്രിപ്പിംഗ് മെക്കാനിസം പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഇതിനെ Residual Current Device എന്ന് വിളിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!