നാല് പതിറ്റാണ്ട് മുൻപ് മകന് വൃക്ക നൽകി; നൂറിന്റെ നിറവിൽ മേരി

കാലം–1982. അവയവദാന ശസ്‌ത്രക്രിയകൾ നാട്ടിൽ അപൂർവം. കേരളത്തിൽ അവയവകൈമാറ്റത്തിന് ആശുപത്രികൾ സജ്ജമായിട്ടുമില്ല. അവയവദാനത്തെക്കുറിച്ച് ജനത്തിന് ഏറെ തെറ്റിദ്ധാരണകളുള്ള കാലഘട്ടം. അക്കാലത്താണ് കഠിനംകുളം പുത്തൻതോപ്പ് ഗ്രീൻലാന്റിൽ മേരി ഗ്രേസ് ആന്റണിയുടെ മകൻ സിറിൾ ആന്റണിയുടെ വൃക്കകൾ തകരാറിലായത്. വൃക്ക ഉടൻ മാറ്റിവയ്ക്കാതെ ജീവൻ നിലനിർത്താനാകില്ലെന്ന് മദ്രാസിലെ ആശുപത്രിയിലെ ഡോക്‌ടർമാർ അറിയിച്ചു.
അന്ന് അറുപതുകളിലെത്തിയ അമ്മ മേരി ഗ്രേസ് പകച്ചു നിന്നില്ല. മകന് തന്റെ വൃക്ക അനുയോജ്യമാവുമെങ്കിൽ നൽകാമെന്ന് അറിയിച്ചു. അതുപ്രകാരം മദ്രാസിലെ ആശുപത്രിയിൽ ശസ്‌ത്രക്രിയ വിജയകരമായി നടന്നു. എന്നാൽ, അമ്മയുടെ ത്യാഗത്തിനും സ്‌നേഹത്തിനും മകന്റെ ജീവനെ കാക്കാനായില്ല. എട്ടു മാസമേ വൃക്ക മകന്റെ ശരീരത്തിൽ പ്രവർത്തിച്ചുള്ളൂ. മുപ്പത്തിമൂന്നാം വയസ്സിൽ സിറിൾ ആന്റണി മരണത്തിന് കീഴടങ്ങി.
മകന് ഹ്രസ്വ ജീവിതമായിരുന്നെങ്കിലും ആ അമ്മ ഇന്ന് നൂറാം വയസ്സിലേക്ക് കടക്കുകയാണ്, കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാതെ. മേരിയുടെ ഏഴു മക്കളിൽ സിറിൾ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. രണ്ടുപേർ വിദേശത്താണ്. പിറന്നാൾ ആഘോഷിക്കാൻ മക്കളും ചെറുമക്കളും ബന്ധുക്കളുമൊക്കെ ഗ്രീൻലാന്റിലെത്തി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം പ്രസിഡന്റ് ഹരിപ്രസാദ് നൽകി. പുത്തൻതോപ്പ് ജയ്ഹിന്ദ് വായനശാല ഭാരവാഹികളും പങ്കെടുത്തു.