മലയോരത്ത് വീണ്ടും സഹകരണ അഴിമതി; ക്ഷീര സംഘം പ്രസിഡൻറിനെതിരെ നടപടിയുണ്ടാവും
പേരാവൂർ: ബ്ലോക്ക് പരിധിയിൽ പ്രവർത്തിക്കുന്ന ക്ഷീര സംഘം ഭരണ സമിതിക്കെതിരെ മുൻ പ്രസിഡൻറ് നല്കിയ പരാതിയിൽ നിലവിലെ ഭരണ സമിതിക്കെതിരെ നടപടി സ്വീകരിക്കാൻ പാർട്ടി തല അന്വേഷണ കമ്മറ്റിയുടെ ശുപാർശ. സാമ്പത്തിക ക്രമക്കേടും അഴിമതിയും നടത്തിയ സംഘം പ്രസിഡൻറിനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനാണ് പാർട്ടി ജില്ലാ ഘടകം തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച നടന്ന യോഗത്തിൽ തന്നെ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് ആരോപണ വിധേയനെ നീക്കം ചെയ്യാൻ ജില്ലാ ഘടകം തീരുമാനിച്ചിരുന്നു. എന്നാൽ, അന്തിമ ഘട്ട അന്വേഷണം കൂടി നടത്തിയ ശേഷം നടപടിയെടുക്കാമെന്ന ധാരണയിൽ നടപടി നീട്ടുകയായിരുന്നു.
കഴിഞ്ഞ ഏഴു വർഷമായി ഓഡിറ്റിംങ്ങ് നടത്താതെ ക്രമക്കേടുകൾ നടത്തിയ പ്രസ്തുത ക്ഷീര സംഘം സഹകരണ വകുപ്പിൻ്റെ ആർ.എൻ.എ (റെക്കോർഡ് നോട്ട് അവൈലബിൾ ) വിഭാഗത്തിൽ ഉൾപ്പെടുത്തിയ സംഘമാണ്. എന്നാൽ, ഓഡിറ്റിംങ്ങ് ഒഴികെ ബാക്കി നടപടികൾ എല്ലാം കൈകാര്യം ചെയ്യുന്നത് സംസ്ഥാന ക്ഷീര വികസന വകുപ്പാണ്.
ഈയൊരു സാഹചര്യത്തിലാണ്, ക്രമക്കേട് നടത്തിയ ഭരണസമിതിക്കെതിരെ, സംഘം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന ഘടകത്തിന് മുൻ പ്രസിഡൻ്റ് രേഖാമൂലം പരാതി നല്കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി ജില്ലാ ഘടകം അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ഭരണ സമിതിയുടെ അഴിമതിയും ക്രമക്കേടും ശരിവെക്കുകയും ചെയ്തു.
ഈ മാസം 30-നകം നടപടിയുണ്ടാകാത്തപക്ഷം ക്ഷീര വികസന വകുപ്പിൻ്റെ ഓഫീസുകൾക്ക് മുന്നിൽ ഒറ്റയാൾ സമരം നടത്തുമെന്ന് പരാതിക്കാരൻ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.