പോലിസ് സ്റ്റേഷനിൽ കയറി അക്രമം; സർവീസിൽ നിന്ന് നീക്കിയ പോലീസുകാരൻ അറസ്റ്റിൽ

തളിപ്പറമ്പ്: തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ കയറി പൊലീസ് ജീപ്പിന് കേടുപാടു വരുത്തുകയും പൊലീസുദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അച്ചടക്ക ലംഘനത്തിന് സർവീസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പൊലീസുദ്യോഗസ്ഥൻ അറസ്റ്റിൽ.
കാവുമ്പായി ഐച്ചേരി തെക്കെ വീട്ടിൽ പ്രദീപനെ (47)യാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റുചെയ്തത്.ഈയാളെ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ഈയാൾ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ എത്തിയത്.
ഈ സമയം പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും സി.ഐ.എ.വി.ദിനേശനും അഡീ.എസ്.ഐ രമേ ശനുമെതിരെ പ്രദീപൻ തട്ടിക്കയറിയെന്നാണ് പരാതി. സി.ഐയോട് തട്ടിക്കയറുകയും പൊലീസുകാരെ കൈയേറ്റം ചെയ്യാനും മുതിർന്ന പ്രദീപൻ സ്റ്റേഷനിലെ ജീപ്പിന്റെ ഗ്ളാസ് തകർക്കുകയും ചെയ്തു. ഇതോടെയാണ് ഈയാളെ അറസ്റ്റുചെയ്തത്.
കഴിഞ്ഞ ജനുവരി 28ന് കാഞ്ഞങ്ങാട്ട് വച്ച് ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ അറസ്റ്റിലായ പ്രദീപൻ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങി ഇവരുടെ കടയിൽ കയറി അതിക്രമം കാട്ടിയിരുന്നു. കണ്ണൂർ ടൗൺ വനിതാ പൊലീസ് ക്വാർട്ടേഴ്സിൽ കയറി പൊലീസുദ്യോഗസ്ഥയെ ചീത്ത വിളിച്ച മറ്റൊരു സംഭവത്തിലും ഈയാൾക്കെതിരെ കേസെടുത്തിരുന്നു.
ശ്രീകണ്ഠപുരും, കണ്ണൂർ ടൗൺ, ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനുകളിൽ പ്രദീപിനെതിരെ കേസുകളുണ്ട്. ആദ്യം സസ്‌പെന്റ് ചെയ്ത പ്രദീപനെ കഴിഞ്ഞ ആഗസ്ത് ഒമ്പതിനാണ് സർവീസിൽ നിന്നും നീക്കിയത്.