ഗാസയില്‍ മരണം 6000 കവിഞ്ഞു; ഭക്ഷണവും ഇന്ധനവുമില്ല, ആശുപത്രി പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍

Share our post

ടെല്‍അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം ശക്തമായി തുടരവേ ഗാസയില്‍ ഭക്ഷണവും ഇന്ധനവും കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് റിപ്പോര്‍ട്ട്. മാത്രമല്ല ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഗാസയില്‍ മരണപ്പെട്ടവരുടെ എണ്ണം 6,000 കവിഞ്ഞിട്ടുണ്ട്.

ഇവിടെ പ്രതിസന്ധി അതിരൂക്ഷമാണെന്നും ഭക്ഷണവും ഇന്ധനവും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയുടെ പ്രവര്‍ത്തനം ഏകദേശം നിലച്ച മട്ടാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം ഗാസയിലുണ്ട്. ഇന്ധനം വിതരണം ചെയ്യുന്നതിന് യുഎന്‍ ഹമാസിനോട് ആവശ്യപ്പെടണമെന്നാണ് ഇസ്രയേലിന്‍റെ നിലപാടെന്നും റിപ്പോര്‍ട്ട് വന്നു.

ഏകദേശം അഞ്ച് ലക്ഷം ലിറ്റര്‍ ഇന്ധനം മുന്‍കരുതലെന്ന നിലയില്‍ ഹമാസിന്‍റെ പക്കലുണ്ടെന്നും ഇസ്രയേല്‍ സൈന്യം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സൂചിപ്പിച്ചു. ഇന്ധനക്ഷാമം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ മൂലം 40 ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചതായി ഗാസ ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.

ഗാസയിലെ വിവിധ ആശുപത്രികളിലെ ഇന്‍കുബേറ്ററുകളിലായി 120 കുഞ്ഞുങ്ങള്‍ കഴിയുന്നുണ്ട്. ഇന്ധനക്ഷാമം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചാല്‍ ഇവരടക്കം നിരവധി പേരുടെ ജീവന് തന്നെ വലിയ ഭീഷണിയാകും. ഗാസയില്‍ ഇപ്പോള്‍ കാണുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!