തിരക്കോട് തിരക്ക്: കേരളത്തിൽ ഓടാൻ 12 മെമു തീവണ്ടികൾ മാത്രം

Share our post

കണ്ണൂർ : യാത്രക്കാർ തിങ്ങിനിറഞ്ഞ് പോകുമ്പോൾ കേരളത്തിലോടിക്കുന്നത് ആകെ 12 മെമു തീവണ്ടികൾ. ഇവയിൽ എട്ടു വണ്ടികൾ ആഴ്ചയിൽ ഒരു ദിവസം ‘അവധി’യുമാണ്. യാത്രത്തിരക്ക് കണക്കിലെടുത്താൽ മെമു സർവീസ് ഏറ്റവും കുറവ് കേരളത്തിലാണ്. പൂർണമായും കേരളത്തിലോടുന്നത് 10 മെമു വണ്ടി മാത്രം. തിരുവനന്തപുരം ഡിവിഷനിൽ ഒൻപതും പാലക്കാട് ഡിവിഷനിൽ ഒരു വണ്ടിയും. ഇതിൽ അഞ്ച് വണ്ടികൾക്ക് 12 റേക്ക് (കാർ) ആണ്. അഞ്ചെണ്ണത്തിന് എട്ടു കോച്ചും.

അറ്റകുറ്റപ്പണിക്ക് ഷെഡിൽ കയറുന്ന വണ്ടിക്ക് പകരം റേക്ക് ഇല്ലാത്തതാണ് ആഴ്ചയിൽ ഒരു ദിവസത്തെ സർവീസ് മുടക്കലിന് പിന്നിൽ. എട്ടു മെമു വണ്ടികളാണ് (16 സർവീസ്) ആഴ്ചയിൽ മുഴുവൻ ദിവസവും ഓടിക്കാത്തത്. ഇതിൽ ആറെണ്ണം പൂർണമായും കേരളത്തിലോടുന്നവയാണ്. ത്രീ ഫെയ്‌സ് മെമുവിന്റെ വരവ് നിലച്ചതാണ് കേരളത്തിന് വൻ തിരിച്ചടിയായത്. തകരാറിലായ വണ്ടിക്ക് പകരം ഓടിക്കാൻ പോലും ഇപ്പോൾ റേക്കില്ല.

നിലവിൽ ഷൊർണൂർ-മംഗളൂരു 307 കിലോമീറ്റർ റൂട്ടിൽ മെമു സർവീസ് ഇല്ല. ഷൊർണൂരിൽ നിന്നുള്ള ഒരു മെമു കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്നു. കണ്ണൂർ-മംഗളൂരു (132 കിലോമീറ്റർ) നേരത്തെ ഉണ്ടായിരുന്ന മെമു ഇപ്പോൾ ഓടിക്കുന്നില്ല. കേരളത്തിലെ ചെറു ദൂര യാത്രക്ക് ഏറ്റവും ആവശ്യം മെമു സർവീസ് ആണെന്ന് മെട്രോമാൻ ഇ. ശ്രീധരനടക്കം ചൂണ്ടിക്കാട്ടിയിരുന്നു.

പേരിന് പാലക്കാട് :പാലക്കാട് മെമു ഷെഡിന് കീഴിൽ ആറു മെമു റേക്കുകളുണ്ട് (എല്ലാം എട്ട് കോച്ച്). അഞ്ചു റൂട്ടുകളിലാണ് ഇവ ഓടിക്കുന്നത്. ഒന്ന് അധിക വണ്ടിയായി (സ്‌പെയർ) ഉപയോഗിക്കുന്നു. പാലക്കാട്-എറണാകുളം-പാലക്കാട് സർവീസ് മാത്രമാണ് പൂർണമായും കേരളത്തിൽ ഓടുന്നത്. പാലക്കാട്-കോയമ്പത്തൂർ, കോയമ്പത്തൂർ-ഷൊർണൂർ റൂട്ടും പാതി ഉപകരിക്കുന്നു.

അഞ്ചിൽ മറ്റു രണ്ടു സർവീസ് തമിഴ്‌നാട്ടിലൂടെയാണ്. നിലവിൽ ഒരു അധിക വണ്ടി (സ്‌പെയർ) ഉണ്ട്. അതിനാൽ പാലക്കാട്-എറണാകുളം മെമു ഷെഡിൽ കയറ്റിയാലും ചൊവ്വാഴ്ച പകരം വണ്ടിവെച്ച് ഓടിക്കാം. എന്നാൽ അധികൃതർ ഇതു ചെയ്യുന്നില്ല. ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ മെമു ഞായറാഴ്ചയാണ് അവധി.

മെമു ഷെഡ് പാതിയിൽ :മെമു വണ്ടികളുടെ പരിപാലനത്തിന് കേരളത്തിൽ രണ്ടു മെമു ഷെഡുകളാണുള്ളത്. പാലക്കാടും കൊല്ലത്തും. പാലക്കാട്ടെ വിപുലീകരണം പാതിവഴിയിൽ നിന്നു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ മെമു ഷെഡ് വികസനത്തിന് 24 കോടി രൂപയുടെ പദ്ധതിയാണ് മുന്നേറുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!