ഭാഗിക ചന്ദ്രഗ്രഹണം; ഇന്ത്യയിലും കാണാം..! വിശദ വിവരങ്ങള്‍

ഒക്ടോബറില്‍ മറ്റൊരു ഗ്രഹണത്തിന് കൂടി സാക്ഷിയാവുകയാണ് ലോകം. ഒക്ടോബര്‍ 14നായിരുന്നു സൂര്യഗ്രഹണം. ഒക്ടോബര്‍ 28-29 തീയ്യതികളിലായി ഭാഗിക ചന്ദ്ര ഗ്രഹണത്തിനും ലോകം സാക്ഷിയാവും. അര്‍ധ രാത്രിയില്‍ നടക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയില്‍ എല്ലായിടത്ത് നിന്നും കാണാം.
സുര്യനും ഭൂമിയും ചന്ദ്രനും യഥാക്രമം നേര്‍ രേഖയില്‍ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രനും സൂര്യനും ഇടയില്‍ ഭൂമി ക്രമീകരിക്കപ്പെടുകയും ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുകയും ചെയ്യുന്നു. ചന്ദ്രന്റെ ഭ്രമണ പഥത്തിൽ ഉണ്ടാകുന്ന നേരിയ മാറ്റങ്ങളെ തുടര്‍ന്ന് ഭൂമിയുടെ നിഴല്‍ പതിക്കുന്നതിലും മാറ്റങ്ങളും ഉണ്ടാവാറുണ്ട്. അങ്ങനെയാണ് പൂര്‍ണ ചന്ദ്രഗ്രഹണവും ഭാഗിക ചന്ദ്ര ഗ്രഹണവും ഉണ്ടാവുന്നത്.
സൂര്യനും ചന്ദ്രനും ഇടയിലായി ഭൂമി ക്രമീകരിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന നിഴലില്‍ ഏറ്റവും ഇരുണ്ട ഭാഗം അമ്പ്ര എന്നറിയപ്പടുന്നു. ഈ മേഖലയിലേക്ക് ചന്ദ്രന്‍ പൂര്‍ണമായി പ്രവേശിക്കുമ്പോഴാണ് പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. എന്നാല്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണമായി മറയ്ക്കാതെ ഒരു വശത്ത് കൂടി പ്രവേശിച്ച് കടന്ന് പോവുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.
1 മണിക്കൂര്‍ 19 മിനിറ്റ് നേരമാണ് നടക്കാനിരിക്കുന്ന ചന്ദ്രഗ്രഹണത്തിന്റെ ദൈര്‍ഘ്യം. ഇന്ത്യയില്‍ എല്ലായിടത്ത് നിന്നും ഇത് കാണാനാവും. പടിഞ്ഞാറന്‍ പസഫിക് മേഖല, ഓസ്‌ട്രേലിയ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, കിഴക്കന്‍ ദക്ഷിണ അമേരിക്ക, വടക്ക് കിഴക്കന്‍ അമേരിക്ക, അറ്റ്‌ലാന്റിക് സമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം, ദക്ഷിണ പസഫിക് സമുദ്രം എന്നിവിടങ്ങളില്‍ നിന്ന് ചന്ദ്രഗ്രഹണം കാണാം.
നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ എല്ലാവര്‍ക്കും സുരക്ഷിതമായി ചന്ദ്രഗ്രഹണങ്ങള്‍ നോക്കി കാണാനാവും. ബൈനോക്കുലറുകളും ദൂരദര്‍ശിനികളും ഉപയോഗിച്ചാല്‍ കൂടുതല്‍ വ്യക്തമായി ഇത് കാണാം. 2025 സെപ്റ്റംബര്‍ 7നാണ് ഇന്ത്യയില്‍ നിന്ന് കാണാന്‍ സാധിക്കുന്ന അടുത്ത ചന്ദ്രഗ്രഹണം. 2022 നവംബറിലാണ് മുമ്പ് ഇന്ത്യയില്‍ നിന്ന് ചന്ദ്രഗ്രഹണം ദൃശ്യമായത്.