ജെ.ഇ.ഇ. പ്രവേശനപ്പരീക്ഷയും പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷയും ഒന്നിച്ച്
പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷയും ഐ.ഐ.ടി., എൻ.ഐ.ടി. എന്നിവിടങ്ങളിലേക്കുള്ള ബി.ടെക് അഖിലേന്ത്യാ പ്രവേശനപ്പരീക്ഷയും ഇക്കുറി ഒരേസമയത്ത്. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 22 മുതലാണ് നടത്തുന്നത്.
എൻ.ടി.എ. (നാഷണൽ ടെസ്റ്റിങ് ഏജൻസി) നടത്തുന്ന അഖിലേന്ത്യാ പ്രവേശനപ്പരീക്ഷ (ജെ.ഇ.ഇ. മെയിൻ) ജനുവരി 24 മുതൽ ഫെബ്രുവരി ഒന്നുവരെ ക്രമീകരിച്ചിരിക്കുകയാണ്. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, കംപ്യൂട്ടർ സയൻസ്, ബോട്ടണി, സുവോളജി പ്രാക്ടിക്കൽ പരീക്ഷകൾ നടത്തേണ്ടതിനാൽ പ്രവേശനപ്പരീക്ഷ ഒഴിവാക്കി ടൈംടേബിൾ തയ്യാറാക്കാൻ സ്കൂളുകൾക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരും.
പരീക്ഷകൾ ഒരേദിവസം വരാതിരിക്കാൻ സ്കൂൾതലത്തിൽ സമയക്രമം ചിട്ടപ്പെടുത്തിയാൽപ്പോലും പ്രവേശനപ്പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് വലിയ സമ്മർദമുണ്ടാകും. സി.ബി.എസ്.ഇ., ഐ.എസ്.സി. പ്രാക്ടിക്കൽ പരീക്ഷകൾ ഈ ദിവസങ്ങൾക്കുമുമ്പ് നടത്തുന്നതിനാൽ അവിടത്തെ കുട്ടികളെ ബാധിക്കില്ല. ജെ.ഇ.ഇ. പരീക്ഷയുടെ രണ്ടാം സെഷൻ ഏപ്രിൽ ഒന്നുമുതൽ 15 വരെയാണ്.