കാറിൽ 200 കിലോമീറ്റർ നാടുചുറ്റി രാജവെമ്പാല

അവധി ദിവസം കറങ്ങാനിറങ്ങിയ കുടുംബത്തിനൊപ്പം 200 കിലോമീറ്റർ നാടുചുറ്റി രാജവെമ്പാല. ഗവിയിൽനിന്ന് എസ്.യു.വി കാറിൽ കയറിയ രാജവെമ്പാല ഒടുവിൽ ആനയടിയിൽ യാത്ര അവസാനിപ്പിച്ച് കാട്ടിലേക്ക് മടങ്ങി.
ശൂരനാട് വടക്ക് ആനയടി തീർഥത്തിൽ മനുരാജും ഭാര്യയും മക്കളും അമ്മയും ബന്ധുക്കളും ഞായറാഴ്ചയാണ് ഗവിയിലേക്ക് പുറപ്പെട്ടത്. യാത്രയ്ക്കിടെ റോഡിലൂടെ പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് കണ്ടിരുന്നു. ഉച്ച ഭക്ഷണത്തിനായി കാർ ഒതുക്കിയപ്പോൾ സമീപമെത്തിയ തെരുവുനായ പ്രത്യേക ഭാഗത്തുനോക്കി കുരച്ചതോടെ പാമ്പ് കാറിൽ കയറിയോ എന്ന ആശങ്കയുണ്ടായി. തുടർന്ന് വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിലെത്തി വിവരം ധരിപ്പിച്ചതോടെ ഉദ്യോഗസ്ഥർ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പാമ്പ് ഉണ്ടാകില്ലെന്ന നിഗമനത്തിൽ കുടുംബം യാത്ര തുടർന്നു. കുമളി വഴി തിരിച്ചെത്തി. വീട്ടിലെത്തിയ ശേഷം കാറിന്റെ ടയറിന് സമീപമെത്തി വളർത്തുനായ തുടരെ കുരച്ചത്തോടെ വീണ്ടും സംശയമായി. വാവ സുരേഷിനെ വിവരം അറിയിച്ചു. തിങ്കൾ സന്ധ്യയോടെ എത്തിയ വാവ സുരേഷ് ഏറെ ദുഷ്കരമായ ദൗത്യത്തിനൊടുവിൽ ചൊവ്വ പുലർച്ചെയോടെയാണ് രാജവെമ്പാലയെ കാറിന്റെ ടയറിന് സമീപത്തുനിന്ന് കണ്ടെത്തിയത്.
ഒടുവിൽ വാവ സുരേഷിന്റെ നേതൃത്വത്തിൽ രാജവെമ്പാലയെ ചൊവ്വ വൈകിട്ടോടെ ഗവിക്ക് സമീപത്ത് തുറന്നുവിട്ടു. രണ്ടുദിവസം കാറിൽ തങ്ങി 200 കിലോമീറ്ററാണ് രാജവെമ്പാല കാറിൽ താണ്ടിയത്. ഉഗ്രവിഷമുള്ള രാജവെമ്പാലയ്ക്ക് ഒപ്പം യാത്രചെയ്തതിന്റെ ഞെട്ടലിലാണ് മനുരാജിന്റെ കുടുംബം.