കണ്ണൂർ : തിരക്കിൽ ശ്വാസം മുട്ടുന്ന തീവണ്ടി കോച്ചുകളിൽ സ്ത്രീകൾക്ക് നേരേ ലൈംഗികാതിക്രമങ്ങളും. 20 ദിവസത്തിനിടെ കാസർകോടിനും കോഴിക്കോടിനും ഇടയിൽ ആറ് കേസുകളെടുത്തു. കേസിന് പോകാൻ മടിച്ച് പരാതി നൽകാത്ത സംഭവങ്ങൾ വേറെയുമുണ്ട്.
ദക്ഷിണ റെയിൽവേയിൽ സ്ത്രീ യാത്രക്കാർക്ക് നേരേയുണ്ടായ ലൈംഗികാതിക്രമങ്ങൾ കൂടുതൽ നടന്നത് കേരളത്തിലെ ഡിവിഷനുകളിലാണ്. മൂന്നുവർഷത്തിനിടെ രജിസ്റ്റർ ചെയ്ത 313 കേസുകളിൽ 261 എണ്ണവും കേരളത്തിലായിരുന്നു. ശനിയാഴ്ച രാത്രി എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിൽ (16307) ജനറൽ കോച്ചിൽ രണ്ട് യുവതികൾക്ക് നേരേ അതിക്രമം നടന്നു. തലശ്ശേരിക്കടുത്തായിരുന്നു സംഭവം. പരാതിയെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കണ്ണൂർ-ഷൊർണൂർ എക്‌സ്‌പ്രസിൽ (06456) യുവതിക്ക് നേരേ ഉച്ചക്ക് ഒരാൾ ലൈംഗികപ്രദർശനം നടത്തി. ദൃശ്യം യുവതി ഫോണിൽ പകർത്തി കണ്ണൂർ റെയിൽവേ പോലീസിൽ പരാതി നൽകി. പ്രതിയെ അറസ്റ്റ് ചെയ്തു.
10-ന് രാത്രി വെസ്റ്റ് കോസ്റ്റ് എക്‌സ്‌പ്രസിലെ (22637) ജനറൽ കോച്ചിലെ യാത്രക്കാരൻ യുവതിയോട് അപമര്യാദയായി പെരുമാറി. കുടുംബത്തോടൊപ്പം കോഴിക്കോട്ടേക്ക് യാത്രചെയ്യുകയായിരുന്ന യുവതിയാണ് അതിക്രമം നേരിട്ടത്. എഗ്മോർ എക്‌സ്‌പ്രസിൽ (16160) നീലേശ്വരത്തേക്ക് യാത്ര ചെയ്യവെ യാത്രക്കാരൻ യുവതിയുടെ ശരീരത്തിൽ സ്പർശിച്ചു. പരാതിയിൽ പോലീസ് കേസെടുത്തു.
കോഴിക്കോട്-കാസർകോട് റൂട്ടിൽ തിരക്കുള്ള സമയം മെമു ഓടിക്കണമെന്ന നിർദേശമാണ് ഇപ്പോൾ എം.പി.മാർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ കേരളത്തിലേക്ക് ത്രീ ഫെയ്സ് മെമുവിന്റെ വരവ് കുറഞ്ഞു. വന്ദേഭാരത് റേക്കും മെമു റേക്കും നിർമാണസാങ്കേതികത തുല്യമാണ്. ഐ.സി.എഫ്. അടക്കം വന്ദേഭാരത് റേക്ക് നിർമാണത്തിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. മെമു റേക്ക് നിർമാണം വെട്ടിച്ചുരുക്കി. നേരത്തേ ഓടിയിരുന്ന കണ്ണൂർ-മംഗളൂരു-കണ്ണൂർ മെമു കോച്ച് കൊല്ലം ഷെഡിൽനിന്ന് തിരുച്ചിറപ്പള്ളിയിൽ എത്തി. അറ്റകുറ്റപ്പണിക്കുവേണ്ടിയാണ് തിരുച്ചിറപ്പള്ളിയിലെ ഷെഡിൽ എത്തിച്ചത്.
വർഷം ശരാശരി 2.80 കോടി യാത്രക്കാർ കണ്ണൂർ-കാസർകോട് ജില്ലകളിൽനിന്ന് തീവണ്ടിയാത്ര ചെയ്യുന്നുണ്ട്. വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽ നിന്നുള്ള 53.01 ലക്ഷം യാത്രക്കാരെ കൂടാതെയാണിത്. യാത്രാക്കൂലിയായി വർഷാവർഷം തുക വർധിക്കുമ്പോൾ പാളത്തിൽ വികസനം കാണാനില്ല.
കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്റ്റേഷനുകളും വടകര, കൊയിലാണ്ടി സ്റ്റേഷനുകളും ഉൾപ്പെടെ ശരാശരി ഒരുവർഷം 331 കോടി രൂപയാണ് വരുമാനം. എന്നാൽ മെമു വണ്ടികളുടെ കുറവും എക്സ്‌പ്രസ് വണ്ടികളിൽ ജനറൽ കോച്ച് കുറയ്ക്കുന്നതും യാത്രക്കാർക്ക് കനത്ത തിരിച്ചടിയാണ്. തൊഴിലിനായി ദിവസവും യാത്ര ചെയ്യുന്നവർക്കായി ഹ്രസ്വദൂര തീവണ്ടികൾ ഓടിക്കാൻ കേരളത്തിലെ എം.പി.മാർ കൂട്ടായി ആവശ്യപ്പെടണം.