ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം നീളുന്നു; എങ്ങുമെത്താതെ ഡിഡാഡ്

കണ്ണൂർ: മൊബൈൽ ഓൺലൈൻ ഗെയിമുകൾക്കും ഇന്റർനെറ്റ് അശ്ലീല സൈറ്റുകൾക്കും അടിമകളായ കുട്ടികളെ തിരിച്ചു കൊണ്ടുവരാൻ തയാറാക്കിയ പൊലീസിന്റെ ഡിഡാഡ് (ഡിജിറ്റൽ ഡി അഡിക്‌ഷൻ) പദ്ധതിക്ക് ഇതുവരെ തുടക്കമായില്ല. കണ്ണൂർ, തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഡിഡാഡ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്.
എന്നാൽ പദ്ധതിയുടെ സംസ്ഥാനതല പ്രവർത്തനം പോലും ഇതുവരെ തുടങ്ങിയിട്ടില്ല.ജില്ലയിൽ ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത്തരത്തിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ട കേസുകൾ വരെ പൊലീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ ജില്ലയിൽ ഉൾപ്പെടെ ഈ പദ്ധതി വലിയ പ്രതീക്ഷയാണ് നൽകുന്നത്.
എന്നാൽ ആവശ്യമായ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളെയും കോർഡിനേറ്ററേയും ഇതുവരെ നിയമിക്കാത്തതാണ് പദ്ധതിക്ക് തടസ്സമാകുന്നത്. അഭിമുഖം ഉൾപ്പെടെ കഴിഞ്ഞുവെങ്കിലും നിയമനം നടത്തിയിട്ടില്ല. ജില്ലകളിൽ ഉടൻ നിയമനം നടക്കുമെന്നും സംസ്ഥാന തല ഉദ്ഘാടനം വൈകാതെ ഉണ്ടാകുമെന്നുമാണ് അധികൃതർ പറയുന്നത്.നേരത്തെ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരി മാസം മുഖ്യമന്ത്രി നിർവഹിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീടത് മാർച്ചിലേക്ക് മാറ്റി.
എന്നാൽ ഈ വർഷം അവസാനിക്കാൻ വെറും രണ്ടുമാസം മാത്രം ബാക്കിനിൽക്കെ പദ്ധതി എന്ന് തുടങ്ങുമെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് വ്യക്തമായ മറുപടിയില്ല. നിലവിൽ പൊലീസിന്റെ മറ്റൊരു പദ്ധതിയായ ചിരിയുടെ ഹെൽപ് ലൈൻ നമ്പർ (9497 900 200) തന്നെയാണ് ഡിഡാഡിന്റെയും ഹെൽപ്പ് ലൈൻ നമ്പർ. ഓൺലൈൻ ക്ലാസുകൾ അവസാനിച്ചെങ്കിലും കുട്ടികളിലെ ഫോൺ, കംപ്യൂട്ടർ എന്നിവയുടെ ഉപയോഗത്തിൽ കുറവുവന്നിട്ടില്ല. ചില മുതിർന്ന കുട്ടികൾ അശ്ലീല സൈറ്റുകൾക്കും അടിമകളായെന്ന് രക്ഷിതാക്കൾ പരാതി പറയുന്നുണ്ട്.
ഇപ്പോൾ വരുന്ന കോളുകൾ കോഓർഡിനേറ്ററാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമായാൽ മാത്രമേ കുട്ടികൾക്ക് കൃത്യമായ കൗൺസിലിംഗ് നൽകാൻ സാധിക്കുകയുള്ളൂ.9497 900 200നിലവിൽ പൊലീസിന്റെ മറ്റൊരു പദ്ധതിയായ ചിരിയുടെ ഹെൽപ് ലൈൻ നമ്പർ (9497 900 200) തന്നെയാണ് ഡിഡാഡിന്റെയും ഹെൽപ്പ് ലൈൻ നമ്പർ.
ഡിജിറ്റൽ ഡി അഡിക്‌ഷൻ (ഡിഡാഡ്)ഡിജിറ്റൽ ആസക്തിയുള്ള 18 വയസുവരെയുള്ളവർക്ക് സൗജന്യ കൗൺസിലിംഗ് നൽകുന്നതാണ് പദ്ധതി. രക്ഷിതാക്കൾക്ക് കുട്ടികളുമായി നേരിട്ട് കേന്ദ്രങ്ങളിലെത്തി പ്രശ്ന പരിഹാരം തേടാവുന്നതാണ്. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും അദ്ധ്യാപകരുടെയും സഹായത്തോടെ ഇത്തരം കുട്ടികളെ കണ്ടെത്തി പദ്ധതിയുടെ ഭാഗമായി കൗൺസിലിംഗ് നൽകാനും ലക്ഷ്യമിട്ടിരുന്നു.
കൗൺസിലിംഗിലൂടെ പരിഹരിക്കാത്ത പ്രശ്നങ്ങൾ മാനസിക വിദഗ്ദ്ധരുടെ സഹായത്തോടെ പരിഹരിക്കും. ആദ്യഘട്ടത്തിൽ ഓൺലൈനായും കൂടുതൽ കൗൺസിലിംഗ് വേണ്ട കുട്ടികൾക്ക് ജില്ലാ കേന്ദ്രങ്ങളിലെത്തിച്ച് ഓഫ് ലൈനായും സേവനം നൽകുകയാണ് ലക്ഷ്യം. പദ്ധതിക്ക് 1.30 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.