ആശ്വാസം… അരിവില താഴ്‌ന്നു; ഇനിയും കുറഞ്ഞേക്കും

ഇപ്പോഴുണ്ടായ കുറവിനു പുറമേ അരിവില ഇനിയും കുറയുെമന്നാണ് വിപണികേന്ദ്രങ്ങൾ നൽകുന്ന സൂചന. ഗുണംകുറഞ്ഞ ജയ അരിക്ക് പെരുമ്പാവൂരിലെ മൊത്ത വ്യാപാര വിലയനുസരിച്ച് കിലോഗ്രാമിന് 38 വരെയെത്തി. ഏറ്റവും ദൗർലഭ്യമുണ്ടായിരുന്ന ജയ അരി സുലഭമായിത്തുടങ്ങിയതോടെയാണിത്. കേരളത്തിൽ ഏറ്റവുംകൂടുതൽ ഉപയോഗിക്കുന്നത് ജയ അരിയാണ്.
ഉപഭോഗത്തിൽ രണ്ടാംസ്ഥാനത്തുള്ള മട്ടയരിയുടെ വില മൂന്നുരൂപവരെ കുറഞ്ഞു. ജ്യോതി ഇനം വടിമട്ടയുടെ വില ഗുണ നിലവാരമനുസരിച്ച് 49 മുതൽ 53 വരെയായി. ഇത് 56 വരെയുണ്ടായിരുന്നു. ഉണ്ടമട്ടയുടെ വില 38 മുതൽ 43 വരെയാണ്. ഇത് ഒരുമാസം മുമ്പ് 40 മുതൽ 46 വരെയായിരുന്നു. കുറുവ അരിയുടെ വില 45-ൽനിന്ന് 42 ആയി. കേരളത്തിൽ ഏതാണ്ട് 70 ശതമാനം ജനങ്ങളും ഉപയോഗിക്കുന്നത് വെള്ള ജയ അരിയും ജ്യോതി മട്ടയുമാണ്.
ജയ അരി കേരളത്തിലേക്ക് വന്നിരുന്ന ആന്ധ്രാപ്രദേശിൽ സർക്കാർ നെല്ലുസംഭരണം തുടങ്ങിയതോടെ അവിടെ പൊതുവിപണിയിൽ നെല്ലും അരിയും കിട്ടാതെയായി. കർണാടകയിൽനിന്നും തമിഴ്‌നാട്ടിൽനിന്നും എത്തിയിരുന്ന ജ്യോതി അരി ശ്രീലങ്കയിലേക്ക് കയറ്റുമതി തുടങ്ങിയതോടെ അതും കിട്ടാതായി. ഇതോടെയാണ് മുമ്പ് വിലയുയർന്നത്.
കേരളത്തിൽ ഒരുവർഷം ഏതാണ്ട് 40 ലക്ഷം ടൺ അരിയാണ് ഉപയോഗിക്കുന്നത്. റേഷൻകട വഴി 16 ലക്ഷം ടൺ അരിയും പൊതുവിപണിയിലൂടെ 24 ലക്ഷം ടൺ അരിയും. സംസ്ഥാനത്ത് ഉത്‌പാദിപ്പിക്കുന്ന ആറുലക്ഷം ടൺ അരി റേഷൻകട വഴി നൽകുന്നു. ഒരുവർഷം 240 കോടി കിലോ അരിയാണ് കേരളക്കര പൊതുവിപണിയിൽനിന്ന് വാങ്ങുന്നത്.