600 രൂപയുടെ ടിക്കറ്റിന് വാരാന്ത്യത്തില്‍ 900; യാത്രക്കാരെ വലച്ച് ആർ.ടി.സി ബസുകളുടെ ടിക്കറ്റ് നിരക്ക്
ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ആന്റ് ടി.സി. ബസുകളിൽ വാരാന്ത്യങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടുതൽ ഈടാക്കുന്നത് തക്കാർക്ക് ബുദ്ധിമുട്ടാകുന്നു. യാത്രക്കാർ കൂടുതലുള്ള വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് നിരക്ക് കൂടുതൽ ഈടാക്കുന്നത്. കേരള ആർ.ടി.സി. ബസുകളിലാണ് വാരാന്ത്യങ്ങളിൽ കൂടുതൽ നിരക്കുള്ളത്. ഫ്ലക്സി നിരക്ക് ഈടാക്കാൻ ആർ.ടി.സി.കൾക്ക് അധികാരമുണ്ടെങ്കിലും നിലവിലുള്ള നിരക്ക് കൂടുതലാണെന്ന് യാത്രക്കാർ പറയുന്നു.
കേരള ആർ.ടി.സി. 30 ശതമാനമാണ് ഈ ദിവസങ്ങളിൽ നിരക്ക് ഉയർത്തിയിട്ടുള്ളത്. അതേസമയം, ചില സ്ഥലങ്ങളിലേക്കുള്ള എ.സി. ബസുകളിൽ 50 ശതമാനത്തോളം നികത്തിയതായി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വ്യക്തമാവുന്നു. ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കുള്ള സ്വിഫ്റ്റ് ഗരുഡ എ.സി. സീറ്റർ ബസുകളിൽ വെള്ളിയാഴ്ചകളിൽ 50 ശതമാനമാണ് നിരക്ക് ഉയർത്തിയിട്ടുള്ളത്. മറ്റുദിവസങ്ങളിൽ ഈ ബസിൽ 600 രൂപയാണ് നിരക്ക് എന്നിരിക്കേ, വെള്ളിയാഴ്ചകളിൽ 911 രൂപയാണ് ഈടാക്കുന്നത്. നോൺ എ.സി. ബസുകളിൽ 150 മുതൽ 200 രൂപ വരെയാണ് അധികം നൽകേണ്ടിവരുന്നത്.
കർണാടക ആർ.ടി.സി. ബസുകളിൽ 15 മുതൽ 25 ശതമാനം വരെയാണ് അധികനിരക്ക് ഈടാക്കുന്നത്. കർണാടക ആർ.ടി.സി.യിൽ വർഷങ്ങളായി വെള്ളിയാഴ്ചകളിൽ അധികനിരക്ക് ഈടാക്കുന്നുണ്ടെങ്കിലും കേരള ആർ.ടി.സി. അധിക നിരക്ക് ഏർപ്പെടുത്താൻ തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. ശനി, ഞായർ അവധിയായതിനാൽ വെള്ളിയാഴ്ചകളിലാണ് ബെംഗളൂരു മലയാളികളിൽ അധികം പേരും നാട്ടിൽ പോകുന്നത്. അതിനാൽ ഈ ദിവസം കേരളത്തിലേക്കുള്ള ബസുകളിലും തീവണ്ടികളിലുമെല്ലാം നല്ല തിരക്കായിരിക്കും. യാത്രത്തിരക്ക് കണക്കിലെടുത്ത് കൂടുതൽ വരുമാനം നേടുന്നതിനാണ് നിരക്ക് ഉയർത്തിയിട്ടുള്ളതെങ്കിലും വർധന കൂടുതലായിപ്പോയെന്ന് മലയാളിയാത്രക്കാർ പറയുന്നു.
ഉത്സവകാലങ്ങളിൽ കേരള, കർണാടക ആർ.ടി.സി.കൾ നിരക്കുയർത്തുന്നത് പതിവാണ്. സ്വകാര്യ ബസുകളിലും വാരാന്ത്യങ്ങളിൽ അധികനിരക്കാണ് ഈടാക്കുന്നത്. ചില സ്വകാര്യ ബസുകൾ വെള്ളി, ശനി ദിവസങ്ങളിൽ ഇരട്ടിയിലധികം നിരക്ക് ഈടാക്കാറുണ്ട്.