ഗസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനം സ്ത്രീകളും കുട്ടികളും വൃദ്ധരും

Share our post

ഗസ്സ: ഇസ്രാഈല്‍ തുടരുന്ന ബോംബു വര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ട 4400ഓളം പേരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളും വൃദ്ധരുമാണെന്ന് റിപ്പോര്‍ട്ട്. ഓരോ മണിക്കൂറിലും കൊല്ലപ്പെടുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാന്‍ സാധിക്കാതെ ആശുപത്രികളും ഡോക്ടര്‍മാരും തളര്‍ന്നിരിക്കുകയാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറയുന്നു.

ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഏഴ് ആശുപത്രികളുടെയും 25 ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്. ആശുപത്രികളില്‍ ഒരാളെപ്പോലെ കിടത്തി ചികിത്സിക്കാന്‍ ഇനി ഇടമില്ല. പരിക്കേറ്റവരില്‍ ഏറെയും ഇപ്പോള്‍ ആശുപത്രികളുടെ തറയിലാണ് കിടത്തിയിരിക്കുന്നത്.

ഒരു ബെഡില്‍ രണ്ടു പേര്‍ വരേ കിടക്കുന്നുണ്ട്. ആശുപത്രികള്‍ക്കു പുറത്ത് തമ്പുകള്‍ കെട്ടിയും പരിക്കേറ്റവരെ ചികിത്സിക്കാന്‍ ശ്രമം തുടരുകയാണ്. വേദന സംഹാരികള്‍ ഉള്‍പ്പെടെ മരുന്നുകള്‍ തീര്‍ന്നുകൊണ്ടിരിക്കെ എന്തു ചെയ്യണമെന്ന് അറിയാതെ ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ആശങ്കയിലാണ്.

ഇന്നലെ ഈജിപ്തില്‍ നിന്ന് റഫ അതിര്‍ത്തി വഴി എത്തിയ ട്രക്കുകളില്‍ മെഡിക്കല്‍ സാമഗ്രികള്‍ ഉണ്ടെങ്കിലും ഗസ്സക്ക് ആവശ്യമായതിന്റെ മൂന്ന് ശതമാനം പോലും ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!