തിരക്ക് കൂടി; കൂട്ടുപുഴ അതിർത്തിയിൽ പരിശോധന ശക്തമാക്കി

ഇരിട്ടി : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കർണാടകയിലേക്കും തിരിച്ചുമുള്ള വാഹനത്തിരക്ക് കൂടിയതോടെ കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ വാഹനപരിശോധന എക്സൈസും പോലീസും ശക്തമാക്കി. കൂട്ടുപുഴ പുതിയ പാലത്തിനോട് ചേർന്ന എക്സൈസ് ചെക്പോസ്റ്റിലും പോലീസ് എയ്ഡ് പോസ്റ്റിലുമാണ് വാഹനങ്ങൾ മുഴുവൻ നിർത്തി പരിശോധന നടത്തുന്നത്.
മദ്യക്കടത്തും പുകയില ഉത്പന്നങ്ങളുടെ കടത്തും കുറയുകയും എം.ഡി.എം.എ. പോലുള്ള മാരക ലഹരിവസ്തുക്കളുടെ കടത്ത് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് പരിശോധന.
കർണാടകത്തിൽ ദസറയുടെയും കേരളത്തിൽ നവരാത്രി ആഘോഷങ്ങളുടെയും ഭാഗമായുണ്ടായ ഒഴിവുദിനങ്ങൾ ആഘോഷമാക്കാൻ ചുരം പാതവഴി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. കേരളത്തിൽനിന്ന് ദസറ ആഘോഷങ്ങൾക്കായി മൈസൂരുവിൽ പോകുന്നവരുടെ വാഹനനികുതി കർണാടക സർക്കാർ ഒഴിവാക്കിയതും തിരക്ക് കൂട്ടാൻ ഇടയാക്കിയിട്ടുണ്ട്.
കർണാടകത്തിലെ ബെംഗളൂരു പോലുള്ള നഗരങ്ങളിൽ താമസിക്കുന്ന കേരളീയർ അവധിയാഘോഷിക്കാൻ കേരളത്തിലേക്കും വ്യാപകമായി എത്തുന്നുണ്ട്. ഇതുമൂലം വലിയ തിരക്കാണ് ചെക്പോസ്റ്റിൽ അനുഭവപ്പെടുന്നത്. ഇവിടെ എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയിൽ ഒരാഴ്ചയ്ക്കിടെ രണ്ടുപേരിൽനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. തിരക്ക് മുതലാക്കി ലഹരിക്കടത്ത് സംഘങ്ങൾ എത്താനുള്ള സാധ്യത കണക്കാക്കിയാണ് എല്ലാ വാഹനങ്ങളും പരിശോധിക്കുന്നത്.