നിടുംപൊയിലിൽ ഇടിമിന്നലിൽ വീട് തകർന്നു

നിടുംപൊയിൽ : ഇടിമിന്നലേറ്റ് നിടുംപൊയിൽ തുടിയാട് സ്വദേശി പാലംമൂട്ടിൽ മാത്യുവിന്റെ വീടിന് കേടുപാടുകൾ ഉണ്ടായി. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ വീടിന്റെ ഭിത്തിയിലെ വെട്ടുകല്ലുകൾ തെറിച്ചു പോയി. വയറിങ് കത്തുകയും ഫ്യൂസ് പൊട്ടിത്തെറിച്ചു പോവുകയും ചെയ്തു.
ഇടിവെട്ടാൻ ആരംഭിച്ചപ്പോൾ തന്നെ തകർന്ന മുറിയിൽ ഉണ്ടായിരുന്ന മാത്യുവിന്റെ മകൾ ആശയും രണ്ട് ചെറിയ കുട്ടികളും മറ്റൊരു മുറിയിലേക്ക് മാറിയതിനാൽ വൻ അപകടമാണ് ഒഴിവായത്. മറ്റൊരു മുറിയിലേക്ക് മാറിയ ഉടൻ തന്നെ ഇടിമിന്നലേറ്റ് വയറിങ് കത്തുകയും ഭിത്തിയിലെ വെട്ടുകല്ല് തെറിച്ചു പോവുകയുമായിരുന്നു. അപകട സമയം മാത്യുവും ഭാര്യയും മകൾ ആശയും ആശയുടെ രണ്ട് ചെറിയ മക്കളും വീട്ടിൽ ഉണ്ടായിരുന്നു.