12 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് ഇരട്ട ജീവപര്യന്തം

മട്ടന്നൂര്‍: മതപഠനത്തിനെത്തിയ 12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ മദ്രസാധ്യാപകനെ ഇരട്ട ജീവപര്യന്തം തടവിനും 1.5 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. മട്ടന്നൂര്‍ ചാവശ്ശേരി കോളാരിയിലെ പുതിയപുരയില്‍ അബ്ദുള്‍ റഷീദിനെയാണ് (46) തലശ്ശേരി അതിവേഗ പോക്‌സോ കോടതി ജഡ്ജി ടിറ്റി ജോര്‍ജ് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം കഠിനതടവ് കൂടുതല്‍ അനുഭവിക്കണം. പിഴയടച്ചാല്‍ തുക കുട്ടിക്ക് നല്‍കണം. സംരക്ഷിക്കേണ്ട അധ്യാപകന്‍ കുട്ടിയെ പീഡിപ്പിച്ചത് അംഗീകരിക്കാനാകില്ലെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു. റഷീദിനെതിരേ മറ്റൊരു പോക്‌സോ കേസ് കോടതിയുടെ പരിഗണനയിലാണ്.
2022 മേയ് 25-ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കേസിനാസ്പദമായ സംഭവം. പാനൂര്‍ പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എം.ഭാസുരി ഹാജരായി.