ദിര്‍ഹമെന്ന പേരില്‍ നല്‍കുന്നത് ന്യൂസ് പേപ്പര്‍ കെട്ടുകള്‍, തട്ടിയെടുത്തത് ഒരു കോടിയോളം രൂപ; സംഘം പിടിയില്‍, പുതിയ തട്ടിപ്പ് രീതി

Share our post

കണ്ണൂര്‍: ദിര്‍ഹമെന്ന പേരില്‍ ന്യൂസ് പേപ്പര്‍ കെട്ട് നല്‍കി കേരളത്തിലുടനീളം ഒരു കോടിയോളം രൂപ തട്ടിയ സംഘത്തിലെ നാലു പ്രതികളെ വളപട്ടണം പൊലീസ് പിടികൂടി. കച്ചവടത്തിന് എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ ആളുകളെ സമീപിച്ചിരുന്നത്. പരിചയപ്പെടുന്നവരുടെ വിശ്വാസം നേടിയെടുക്കാന്‍ തുടര്‍ച്ചയായി പണമിടപാടുകള്‍ നടത്തിയ ശേഷമാണ് തട്ടിപ്പ് നടത്തുന്നതെന്ന് വളപട്ടണം പൊലീസ് പറയുന്നു.

തുടക്കത്തില്‍ അറിയാത്തമട്ടില്‍ നോട്ടുകെട്ടുകളുടെ ഇടയില്‍ ഒരു ദിര്‍ഹം വച്ചുനല്‍കുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ ദിര്‍ഹം അറിയാതെ നോട്ടുകെട്ടുകളുടെ ഇടയില്‍ വന്നതാണ് എന്നാണ് തട്ടിപ്പുകാരുടെ വിശദീകരണം. ദിര്‍ഹം ഇന്ത്യന്‍ കറന്‍സിയാക്കി മാറ്റി തന്നാല്‍ നൂറ് ദിര്‍ഹത്തിന് ആയിരം രൂപ മാത്രം തന്നാല്‍ മതിയെന്നുമുള്ള തട്ടിപ്പുകാരുടെ വാക്കില്‍ വീഴുന്നവരെയാണ് ഇവര്‍ കബളിപ്പിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

തുടര്‍ന്ന് ചെറിയ തുകകളിലൂടെ വിശ്വാസം നേടിയെടുത്ത ശേഷം തങ്ങളുടെ കൈയില്‍ വലിയൊരു തുകയ്ക്കുള്ള ദിര്‍ഹം കൈയില്‍ ഉണ്ടെന്നും മാറ്റിത്തരാനും ആവശ്യപ്പെടുന്നു. ഇരട്ടിത്തുക ലാഭം പ്രതീക്ഷിച്ച് ദിര്‍ഹം മാറ്റി നല്‍കാന്‍ സമ്മതിക്കുന്നവരില്‍ നിന്ന് വലിയ തുക കൈപ്പറ്റിയ ശേഷം പകരം നല്‍കുന്നത് ന്യൂസ്‌പേപ്പര്‍ കെട്ടുകളായിരിക്കും.

ആളുകളുടെ വിശ്വാസം നേടിയെടുക്കുന്നതിനായി ഓരോ പ്രദേശത്തും ഓരോ തട്ടിപ്പ് രീതിയാണ് ഇവര്‍ പിന്തുടര്‍ന്നിരുന്നത്. പ്രതികളില്‍ നിന്ന് നിരവധി മൊബൈല്‍ ഫോണുകളും പത്തിലധികം തിരിച്ചറിയല്‍ രേഖകളും സിം കാര്‍ഡുകളും ദിര്‍ഹം കറന്‍സികളും പിടിച്ചെടുത്തിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!