ചാന്ദ്രയാനെ കുറിച്ചുള്ള പാഠഭാഗത്തില്‍ പുഷ്പകവിമാനവും; സോഷ്യല്‍ മീഡിയയില്‍ പരിഹാസം

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-3 ദൗത്യവിജയ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്കായി പുറത്തിറക്കിയ പാഠഭാഗത്തിലെ പുഷ്പകവിമാനമടക്കമുള്ള പരാമര്‍ശത്തിന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം. കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എന്‍.സി.ഇ.ആര്‍.ടി പുറത്തിറക്കിയ സപ്ലിമെന്ററി മൊഡ്യൂളിലാണ് വേദങ്ങളെ കുറിച്ച് പരാമാശിക്കുന്നത്. ശാസ്ത്രത്തെയും പുരാണത്തെയും കൂട്ടിക്കുഴച്ചുള്ള പാഠഭാഗത്തെ കുറിച്ച് തുടക്കത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഋഗ്വേദത്തിലും മറ്റ് പുരാണ ഇതിഹാസങ്ങളിലും ദൈവങ്ങള്‍ ഉപയോഗിച്ചിരുന്ന പറക്കും രഥങ്ങള്‍ വൈമാനിക രംഗത്തക്കുറിച്ചും ബഹിരാകാശത്തെക്കുറിച്ചും പൂര്‍വികര്‍ക്ക് അറിവുണ്ടായിരുന്നതിന്റെ തെളിവാണെന്ന് പാഠഭാഗത്തില്‍ പറയുന്നു
‘ഈ ശാസ്ത്രനേട്ടം ഇപ്പോള്‍ സംഭവിച്ചതാണോ? മുന്‍പുണ്ടായിട്ടില്ലേ? പണ്ടുള്ളവര്‍ ഇതേക്കുറിച്ച് ചിന്തിച്ചിട്ടില്ലേ? എന്നാല്‍ സാഹിത്യം പറയുന്നത് ഉണ്ടെന്നാണ്. പറക്കും വാഹനങ്ങളുണ്ടാക്കാനുള്ള വിദ്യയെക്കുറിച്ച് നമ്മുടെ രാജ്യത്തിന് പണ്ടേ അറിവുണ്ടായിരുന്നുവെന്നാണ് വൈമാനികശാസ്ത്രത്തില്‍ പറയുന്നത്. കുതിരകളോ മൃഗങ്ങളോ വലിക്കുന്ന പറക്കാന്‍ കഴിവുള്ള ചക്രരഥങ്ങളെക്കുറിച്ച് ഇന്ത്യന്‍ വേദങ്ങളില്‍ പരാമര്‍ശമുണ്ട്. ഋഗ്വേദത്തില്‍ പറക്കാന്‍ കഴിവുള്ള ‘യന്ത്രപ്പക്ഷി’ (Mechanical Birds) യെക്കുറിച്ച് പ്രത്യേകം പറയുന്നുണ്ട്.
യുദ്ധമുഖങ്ങളിലും ഇത്തരം രഥങ്ങളും വിമാനങ്ങളും ഉപയോഗിച്ചിട്ടുണ്ട്. എല്ലാ ദൈവങ്ങള്‍ക്കും പ്രത്യേകമൃഗങ്ങൾ വലിക്കുന്ന രഥങ്ങള്‍ ഉണ്ടായിരുന്നതായി പറയുന്നു. അവയിൽ പലതും പറക്കുമായിരുന്നു. ഭൂമിയിലും സ്വര്‍ഗത്തിലും മറ്റ് ഗ്രഹങ്ങളിലും സഞ്ചരിക്കാന്‍ അവര്‍ ശബദ്മില്ലാത്ത എളുപത്തിലുപയോഗിക്കാവുന്ന ആ പറക്കും വാഹനമുപയോഗിച്ചു.
അതിലൊന്നാണ് രാമായണത്തിലെ ഐതിഹാസിക പുഷ്പകവിമാനം. ബ്രഹ്‌മാവിന്റെ പുത്രനും ദൈവങ്ങളുടെ ശില്‍പിയുമായ വിശ്വകര്‍മാവാണ് പുഷ്പകവിമാനം നിര്‍മ്മിച്ചത്’ എന്നാണ് പരാമര്‍ശമുള്ളത്.
എക്‌സ് അടക്കമുള്ള പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം തന്നെ ഇത് ചര്‍ച്ചയായി. അടുത്ത് തലമുറയിലെ കുഞ്ഞുങ്ങളുടെ ഭാവിയെ കുറിച്ച് ആകുലപ്പെടുന്നുവെന്നും. ദയവ് ചെയ്ത് ശാസ്ത്രത്തെയും മതത്തെയും കൂട്ടികലര്‍ത്തരുതെന്നും പോസ്റ്റുകളില്‍ പറയുന്നു.
കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥും ചേര്‍ന്ന് ചൊവ്വാഴ്ച്ചയാണ് പ്രത്യേക പാഠ്യഭാഗങ്ങള്‍ പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ പദ്ധതിയുടെ വിജയത്തില്‍ വലിയ പങ്കുവഹിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു.