കരുത്തുറ്റ ഭാവിതലമുറയെ ലക്ഷ്യമിട്ട് സർക്കാർ; ആരോഗ്യപദ്ധതി സ്കൂളിലേക്ക്

കണ്ണൂർ:ശാരീരിക മാനസിക ആരോഗ്യവികാസം മുൻനിർത്തി സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്‌കൂളുകളിലും ഹെൽത്ത് ആന്റ് വെൽനസ് പ്രോഗ്രാം (വിദ്യാലയ ആരോഗ്യപദ്ധതി) നടപ്പാക്കാൻ തീരുമാനം. കണ്ണൂരിലും ഇതുമായി ബന്ധപ്പെട്ട നടപടി ഉടൻ ആരംഭിക്കും.ആരോഗ്യമുള്ള ഭാവിതലമുറയെ വാർത്തെടുക്കുന്നതിന് കുട്ടികളിലെ സമഗ്ര ആരോഗ്യ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കുന്നത്.
ആരോഗ്യ , വിദ്യാഭ്യാസം, വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇവയ്ക്ക് പുറമെ പട്ടിക വർഗ വികസനം, യുവജന കായികം, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളെയും പദ്ധതിയുടെ ഭാഗമാക്കും.കുട്ടികളിലെ പോഷാകാഹാരക്കുറവ് ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പദ്ധതി ഒരുക്കുന്നത്.
ആരോഗ്യ അസംബ്ളി തൊട്ട് ഹെൽത്ത് ക്ളബ്ബ് വരെസ്‌കൂളുകളിൽ ആരോഗ്യ അസംബ്ലി, വാർഷിക ആരോഗ്യമേള, ഹെൽത്ത് ക്ലബുകൾ, പ്രത്യേക രക്ഷാകർതൃ അദ്ധ്യാപക യോഗങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. എട്ടാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് പാലിയേറ്റീവ് കെയർ അടിസ്ഥാന പരിശീലനം, വർഷത്തിൽ ഒരിക്കൽ പാലിയേറ്റീവ് കെയർഹോം സന്ദർശിക്കാനുള്ള അവസരം, താൽപര്യമുള്ള വിദ്യാർത്ഥികൾക്കായി പഞ്ചായത്തുതല വോളണ്ടിയർ പരിശീലനം എന്നിവയും നൽകും.
എല്ലാ പ്രവർത്തനങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പിന്തുണ ഉറപ്പാക്കും. പദ്ധതിയുടെ ഭാഗമായുള്ള ആരോഗ്യ അവബോധ സെക്ഷനുകളിലൂടെ ശുചിത്വ പെരുമാറ്റങ്ങൾ പ്രോത്സാഹിക്കപ്പെടുമെന്നും സാർവത്രികമായ ആരോഗ്യ സ്‌ക്രീനിംഗിലൂടെ കാഴ്ച പരിമിതകൾ മുതലായ ആരോഗ്യ വെല്ലുവിളികളെ നേരത്തെ കണ്ടെത്താനും പരിഹരിക്കാനും സാധിക്കുമെന്നും അധികൃതർ പറഞ്ഞു.ലക്ഷ്യം സമഗ്ര ആരോഗ്യംവിദ്യാർത്ഥികളിലെ പോഷകാഹാരകുറവ്, ലഹരി വസ്തുക്കളുടെ ഉപയോഗം, മാനസികാരോഗ്യം, ജീവിത നൈപുണ്യങ്ങൾ, അക്രമം, പരുക്കുകൾ, പകർച്ചേതര രോഗപ്രതിരോധം, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, മൂല്യം പൗരബോധവും, നല്ല വ്യക്തിബന്ധങ്ങൾ, ലിംഗസമത്വം എന്നിവയെക്കുറിച്ച് അറിവും അവബോധവും പകരുക തുടങ്ങിയവയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.
പദ്ധതി വഴി അവരിലേക്ക്
ആരോഗ്യ അവബോധനം
ആരോഗ്യ സ്‌ക്രീനിംഗ് പരിശോധന
പ്രതിവാര ഇരുമ്പ് സത്ത് -വിര നിർമാർജന ഗുളിക വിതരണം
ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ്
പ്രഥമ ശുശ്രൂഷാ പരിശീലനം
അടിയന്തിര പരിചരണ നൈപുണ്യം.