റാന്‍ ഓഫ് കച്ചിന്റെ കവാടം; ലോകത്തെ മികച്ച ടൂറിസം വില്ലേജായി ഗുജറാത്തിലെ ദോര്‍ദോ

Share our post

ലോകത്തിലെ മികച്ച വിനോദസഞ്ചാര ഗ്രാമമായി തിരഞ്ഞെടുക്കുപ്പെട്ടിരിക്കുകയാണ് ഗുജറാത്തിലെ കച്ച് ജില്ലയിലെ ദോര്‍ദോ. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനാണ് (UN-WTO) ഈ തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. കച്ച് മരുഭൂമിയുടെ പ്രവേശനകവാടമായി അറിയപ്പെടുന്ന സ്ഥലമാണ് ദോര്‍ദോ.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 70 ഗ്രാമങ്ങളെയാണ് മികച്ച ടൂറിസം വില്ലേജുകളായി വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. വ്യാഴാഴ്ച ഉസ്‌ബെകിസ്താനിലെ സമര്‍ഖണ്ഡില്‍ നടന്ന ചടങ്ങില്‍ ഈ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഗ്രാമീണ വികസനം, പരിസ്ഥിതി പരിപാലനം, സാംസ്‌കാരി പൈതൃകവും വൈവിധ്യങ്ങളും എന്നിവയിലെ മികവുകള്‍ അടിസ്ഥാനമാക്കിയാണ് മികച്ച വിനോദസഞ്ചാര ഗ്രാമങ്ങളെ തിരഞ്ഞെടുക്കുന്നത്.

ഗുജറാത്തിലെ ഇന്ത്യാ-പാക് അതിര്‍ത്തിയിലെ കിലോമീറ്ററുകള്‍ നീളുന്ന ഉപ്പുമരുഭൂമിയാണ് കച്ച്. റാന്‍ ഓഫ് കച്ച് സന്ദര്‍ശിക്കുന്നവര്‍ താമസിക്കാനെത്തുന്ന സ്ഥലമാണ് ദോര്‍ദോ. ഉപ്പ് മരുഭൂമിയുടെ അതിരായി നിലകൊള്ളുന്ന ഈ കൊച്ചു നഗരത്തില്‍ അത്യാവശ്യം താമസ സൗകര്യമുള്ള ഹോട്ടലുകള്‍ ലഭ്യമാണ്. പ്രശസ്മായ റാന്‍ ഉത്സവം നടക്കാറുള്ളത് ഇവിടെയാണ്. ഗുജറാത്ത് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നവംബര്‍ മധ്യത്തോടെയാണ് റാന്‍ ഉത്സവ് നടക്കാറുള്ളത്. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമൊക്കെ ധാരാളം പേരാണ് ഈ ഉത്സവത്തിന്റെ ഭാഗമാകാനെത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയാണ് കച്ച്. ഇവിടുത്തെ പകുതിയോളം ഭൂപ്രദേശം ഉപ്പ് മരുഭൂമിയാണ്. 23,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഗ്രേറ്റ് റാന്‍ ഓഫ് കച്ചും 16,000 ചതുരശ്രകിലോമീറ്റര്‍ വരുന്ന ലിറ്റില്‍ റാന്‍ ഓഫ് കച്ചും. ഒരുകാലത്ത് ഇവിടം മുഴവന്‍ സമുദ്രമായിരുന്നെന്ന് പറയപ്പെടുന്നു. മഴക്കാലത്ത് വെള്ളത്തിനടിയിലാകുന്ന പ്രദേശം വേനലില്‍ വെള്ളം വറ്റുന്നതോടെ ആദ്യം ചതുപ്പും പിന്നെ ഉപ്പുപരലുകളുമായി ഭൂമി മാറുന്നു. ഈ വെളുത്ത ഭൂമി സൂര്യാസ്തമയത്തോടെ ചുവന്നുതുടുക്കുന്നത് മനോഹര കാഴ്ചയാണ്. പൂര്‍ണ്ണ ചന്ദ്രനെത്തുന്ന രാത്രികളില്‍ ഇവിടുത്തെ നിലം വെട്ടിത്തിളങ്ങും. മരൂഭൂമിയുടെ സീറോപോയിന്റ് എന്നുവിളിക്കുന്ന മറ്റൊരറ്റത്ത് സൂര്യോദയം കാണാം.

ദോര്‍ദോയ്ക്ക് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍പ് ഈ ഗ്രാമം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇന്ത്യന്‍ വിനോദസഞ്ചാര മേഖലയുടെ സാധ്യതകളെയും കച്ച് ജനതയുടെ അര്‍പ്പണബോധത്തെയുമാണ് ഈ പുരസ്‌കാര നേട്ടം വ്യക്തമാക്കുന്നതെന്നും പ്രധാനമന്ത്രി കുറിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!