‘തെങ്ങിന്റെ ചങ്ങാതികൂട്ടം’ ; തേങ്ങയിടാന്‍ കോള്‍ സെന്റര്‍, നവംബര്‍ ആദ്യ വാരം പ്രവര്‍ത്തന സജ്ജമാകും

കൊച്ചി: ‘തെങ്ങിന്റെ ചങ്ങാതികളെ’ തേങ്ങയിടാന്‍ തേടി ഇനി അലയണ്ട. സംസ്ഥാന നാളികേര വികസന ബോര്‍ഡിന്റെ ‘തെങ്ങിന്റെ ചങ്ങാതികൂട്ടം’ കോള്‍ സെന്ററുമായി ബന്ധപ്പെട്ടാല്‍ തെങ്ങുകയറ്റ തൊഴിലാളി ഇനി നിങ്ങളുടെ തെങ്ങിന്‍ ചുവട്ടിലെത്തും. നവംബര്‍ ആദ്യ വാരത്തിലാണ് കോള്‍ സെന്റര്‍ ആരംഭിക്കുക. ഇതോടെ തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനാകുമെന്നാണ് നാളികേര വികസന കോര്‍പറേഷന്റെ വിലയിരുത്തല്‍.
നാളികേര വികസന കോര്‍പറേഷന്റെ കോള്‍ സെന്റര്‍ നമ്പറിലേക്ക് തെങ്ങുകയറാന്‍ ആളെ ആവശ്യപ്പെട്ടാല്‍ കോള്‍ സെന്റര് മുഖേന നിങ്ങളുടെ പഞ്ചായത്തുമായി ബന്ധപ്പെടുകയും പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളികള്‍ ആവശ്യാനുസരണം വീടുകളിലെത്തി തേങ്ങയിടുകയും ചെയ്യും. തേങ്ങയിടുന്നതിന്റെ കൂലി ആവശ്യക്കാരനും തൊഴിലാളിയും ചേര്‍ന്നാണ് തീരുമാനിക്കേണ്ടത്. തെങ്ങിന്റെ കള പരിചരണം മുതല്‍ വിളവെടുപ്പിന് വരെ കോള്‍ സെന്ററുമായി ബന്ധപ്പെട്ടാല്‍ ആളെ ലഭിക്കും.
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി 2011 ലാണ് ആരംഭിച്ചത്. ഇതിലൂടെ 32000 ലധികം ആള്‍ക്കാര്‍ പരിശീലനം നേടിക്കഴിഞ്ഞു. തെങ്ങിന്റെ വിത്ത് വെച്ച് തൈ ഉണ്ടാക്കുന്നതുമുതല്‍ വിളവെടുപ്പ് വരെ പരിശീലനം ലഭിച്ചവരാണ് ഇവര്‍. കോള്‍ സെന്റര് മുഖേന ഇവരുടെ സേവനം ആവശ്യക്കാരായ കര്‍ഷകര്‍ക്ക് എത്തിക്കാനാകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
സംസ്ഥാനത്ത് ഇതുവരെ 900 ലധികം പേരാണ് സംസ്ഥാന നാളികേര വികസന കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. കോള്‍ സെന്ററിനെക്കുറിച്ചുള്ള പരസ്യം വന്നതിന് ശേഷം കര്‍ഷകരും തൊഴിലാളികളുമായി ദിവസവും അമ്പതിലധികം പേര്‍ കോര്‍പറേഷനുമായി ബന്ധപ്പെടുന്നുണ്ട്. – സംസ്ഥാന നാളികേര വികസന ബോര്‍ഡ് പബ്ലിസിറ്റി വിഭാ?ഗം അസിസ്റ്റന്റ് ഡയറക്ടര്‍ മിനി മാത്യു പറഞ്ഞു.
തെങ്ങ് പരിചരണത്തിന് അറിവുള്ള തൊഴിലാളികളെ ലഭിക്കുന്നില്ലായെന്നുള്ളതാണ് മിക്ക കര്‍ഷകരും കൃഷി ഉപേക്ഷിച്ച് പോകാന്‍ കാരണം. ഇത്തരമൊരു സംരഭത്തിലൂടെ കര്‍ഷകരുടെ ആവശ്യങ്ങള്‍ നേരിട്ട് മനസിലാക്കി ആളെ ലഭ്യമാക്കാനും പരിശീലനം ലഭിച്ചവര്‍ക്ക് തൊഴില്‍ സാധ്യതയും നല്‍കുന്നു.