ഞെട്ടിയുണർന്നത് കവർച്ചക്കാർക്ക് മുന്നിൽ: നടുക്കം മാറാതെ ആയിഷ

Share our post

തളിപ്പറമ്പ് : പരിയാരത്ത് കവർച്ചനടന്ന വീട്ടിലുണ്ടായ കാലിയാറവിട ആയിഷയ്ക്ക് കവർച്ചക്കാരുടെ മുന്നിൽപ്പെട്ടതിന്റെ നടുക്കം വിട്ടുമാറുന്നേയില്ല. അത്രമാത്രം ഭയന്നു വിറച്ചുപോയിരുന്നു അവർ. കത്തി ചൂണ്ടിയായിരുന്നു ഭീഷണി. ഭയന്നുവിറച്ചതിനാൽ ശബ്ദം പുറത്തുവന്നില്ല.

മാഹിയിൽനിന്ന് പരിയാരം പൊയിലിലെ സോയാസ് വീട്ടിൽ ഇവരെത്തിയത് സഹോദരിയുടെ മകൾ ഡോ. ഫർസീനയെ കാണാനാണ്. പലപ്പോഴായി ഇവിടെ വരാറുണ്ട്.

വ്യാഴാഴ്ച രാത്രി 11-ഓടെ ഡോ. ഷക്കീറലിയും ഭാര്യ ഡോ. ഫർസീനയും എറണാകുളത്തേക്ക് പോകാനായിറങ്ങിപ്പോൾ കുട്ടികൾക്ക് കൂട്ടായി നിന്നതാണ് ആയിഷ. അർധരാത്രിയോടെയാണ് ഉറങ്ങിയത്.

പിന്നീട് ഞെട്ടിയുണർന്നത് കവർച്ചക്കാർ തട്ടിവിളിച്ചപ്പോഴാണ്. മലയാളത്തിലാണ് ആയിഷയോട് ‌സംസാരിച്ചതെങ്കിലും സംഘാംഗങ്ങൾ തമ്മിൽ ഹിന്ദിയിലും സംസാരിച്ചു. ആഭരണവും പണവും കണ്ടെത്താൻ ഷെൽഫുകൾ തുറന്ന് എല്ലാം വാരിവലിച്ചിട്ടത് ആയിഷയുടെ മുന്നിൽവെച്ച്.മാലയും കമ്മലും പൊട്ടിച്ചെടുത്ത കവർച്ചക്കാർ പോകാൻ നേരത്താണ് തുണികൊണ്ട് കെട്ടിയിട്ടതെന്നും ആയിഷ പറഞ്ഞു.

പ്രതിഷേധിച്ച് നാട്ടുകാർ

പരിയാരം ഭാഗങ്ങളിൽ ഇടയ്ക്കിടെയുണ്ടാകുന്ന മോഷണസംഭവങ്ങളിൽ നാട്ടുകാരിൽ പ്രതിഷേധം രൂക്ഷമായി.പൊയിലിൽ മോഷണം നടന്ന വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെ നോക്കി ചിലർ ഉറക്കെ പ്രതികരിക്കുകയും ചെയ്തു.

ഡോ. ഷക്കീറലിയുടെ വീട്ടിലെത്തി ആയിഷയിൽനിന്ന് മൊഴി രേഖപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥർ പുറത്തിറങ്ങാൻ നേരത്തായിരുന്നു ചിലർ പോലീസിനോട് കയർത്തത്.ഡി.വൈ.എസ്.പി. പ്രേമചന്ദ്രനുൾപ്പെടെ തന്ത്രപൂർവം ഇടപെട്ടതിനാലാണ് പ്രശ്നം ഒഴിവായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!