ഖാദി ഗ്രാമവ്യവസായ സഹകരണ സംഘങ്ങളെ പുനരുദ്ധരിക്കും : പി. ജയരാജൻ

Share our post

കണ്ണൂർ:കേരള ഖാദി ഗ്രാമവ്യവസായ ബോർഡിനു കീഴിലുള്ള സഹകരണ സംഘങ്ങളെ പുനരുദ്ധരിക്കുമെന്ന് ഖാദിബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. കണ്ണൂർ – കാസർകോട് ജില്ലകളുടെ വായ്പാ കുടിശ്ശിക അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാദി ബോർഡിന് കീഴിൽ സംസ്ഥാനത്ത് 3077 സഹകരണ സംഘങ്ങൾ ഉണ്ട് . ബോർഡിന്റെ ബൈലോയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഖാദി ഗ്രാമ വ്യവസായ ബോർഡിൽ നിന്നും സിബിസി പാറ്റേൺ പദ്ധതിയിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിനായി വായ്പ എടുത്ത് കുടിശ്ശികയായ സംഘങ്ങളും വ്യക്തികളുമാണ് അദാലത്തിൽ പങ്കെടുത്തത്. അഞ്ച് വർഷത്തിലധികമായി വായ്പ കുടിശ്ശികയായ വായ്പകൾക്ക് മുതൽ മാത്രം ഈടാക്കിയും 25000 -50000 രൂപ വരെയുള്ള വായ്പകളിൽ മുതലിന്റെ ബാക്കിയും 50 ശതമാനം പലിശയും ഈടാക്കിയും അതിനു മുകളിൽ വരുന്ന വായ്പകളിൽ പലിശയിനത്തിൽ പരമാവധി 25 ശതമാനം ഇളവും നൽകിയാണ് തീർപ്പാക്കിയത്.

മരണപ്പെട്ടവർ, മാരക രോഗങ്ങൾ ബാധിച്ചവർ തുടങ്ങിയ വിഭാഗത്തിൽ 50000 രൂപ വരെയുള്ള വായ്പകളിലും ഇളവ് നൽകി. അൻപത് ഫയലുകൾക്ക് അദാലത്തിൽ തീർപ്പ് കൽപ്പിച്ചു.ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ നടന്ന പരിപാടിയിൽ കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ്ബാബു എളയാവൂർ അധ്യക്ഷനായി. ഖാദിബോർഡ് ഡയറക്ടർ ടി സി മാധവൻ നമ്പൂതിരി, പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ കെ. വി രാജേഷ്, ഖാദി ഗ്രാമവ്യവസായ ഓഫീസ് കാസർകോട് ജില്ലാ പ്രൊജക്ട് ഓഫീസർ എം. ആയിഷ, ഖാദി ഗ്രാമവ്യവസായ ഓഫീസ് കണ്ണൂർ ജില്ലാ പ്രൊജക്ട് ഓഫീസർ കെ ജിഷ തുടങ്ങിയവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!