രാജ്യത്ത് ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ടതും മൂല്യവത്തായതുമായ രേഖകളിൽ ഒന്നാണ് ഇന്ന് ആധാർ കാർഡ്. മൊബൈൽ നമ്പർ, പാൻ കാർഡ് തുടങ്ങിയവയുമായി ആധാർ കാർഡ് ലിങ്ക് ചെയ്തിരിക്കുന്നതിനാൽ സാമ്പത്തിക തട്ടിപ്പിനുള്ള സാധ്യതയും ഏറെയാണ്. ഈ പ്രശ്നം ഒഴിവാക്കുന്നതിനായി, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ഒരു പ്രത്യേക ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്.
ആധാർ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവർ ആധാർ നമ്പർ, ബാങ്കിന്റെ പേര്, വിരലടയാളം എന്നിവ തട്ടിപ്പിന് ഉപയോഗിക്കുന്നു. ഈ തട്ടിപ്പിൽ ഒ.ടി.പി ആവശ്യമില്ല. ഏറ്റവും വലിയ തിരിച്ചടി എന്താണെന്നുവെച്ചാൽ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പെടുന്നതിനെക്കുറിച്ച് ഒരു എസ്എംഎസ് പോലും ലഭിക്കില്ല എന്നുള്ളതാണ്.
ആധാർ വിവരങ്ങൾ പങ്കിടുന്നത് സുരക്ഷിതമായ ഇടങ്ങളിലല്ലെങ്കിൽ അവ തട്ടിപ്പുകാരുടെ പക്കലെത്തിയേക്കാം. തുടർന്ന് തട്ടിപ്പുകാർ ബാങ്കിന്റെ പേര് അറിയാൻ സാധാരണയായി ഇരകളെ പിന്തുടരുന്നു. കൃത്രിമ സിലിക്കൺ വിരലടയാളം ഉപയോഗിച്ച് പണം പിൻവലിക്കുന്നു.
തട്ടിപ്പുകാരിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം
* തട്ടിപ്പിൽ നിന്ന് സുരക്ഷിതരായിരിക്കാൻ, mAadhaar ആപ്പ് അല്ലെങ്കിൽ യു.ഐ.ഡി.എ.ഐ വെബ്സൈറ്റ് ഉപയോഗിച്ച് ആധാർ ബയോമെട്രിക് ഡാറ്റ ലോക്ക് ചെയ്യണം.
* ആധാർ കാർഡിന്റെ ബയോമെട്രിക് ഡാറ്റ ലോക്കുചെയ്യാനും, mAadhaar ആപ്പ് ഡൗൺലോഡ് ചെയ്‌ത് സൈൻ അപ്പ് ചെയ്യുന്നതിന് നിങ്ങളുടെ ആധാർ ലിങ്ക് ചെയ്‌ത മൊബൈൽ നമ്പർ ഉപയോഗിക്കുക.
* ആധാർ വിശദാംശങ്ങൾ പരിശോധിച്ച് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ബയോമെട്രിക് ലോക്ക് ചെയ്യുക. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ആപ്പ് ഉപയോഗിച്ച് ബയോമെട്രിക്സ് അൺലോക്ക് ചെയ്യാം
mAadhaar ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
* ഗൂഗിൾ പ്ലേ സ്റ്റോർ തുറന്ന് mAadhaar ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ഐഫോണുകളില്‍, ആപ്പ് സ്റ്റോർ ഉപയോഗിക്കുക.
* ഡൗൺലോഡ് ചെയ്യാൻ mAadhaar ആപ്പിന് ആവശ്യമായ അനുമതി നൽകുക
* mAadhaar ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, ഒരു പാസ്‌വേഡ് സജ്ജമാക്കുക
* പാസ്‌വേഡിൽ 4 അക്കങ്ങൾ ഉണ്ടായിരിക്കണം എന്നത് ശ്രദ്ധിക്കുക.
mAadhaar ആപ്പ് വഴി ആധാർ കാർഡിന്റെ ബയോമെട്രിക്സ് ലോക്ക് ചെയ്യുക എങ്ങനെയാണ്?
* mAadhaar ആപ്പ് തുറന്ന ശേഷം യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
* പ്രൊഫൈലിൽ ക്ലിക്ക് ചെയ്യുക
* ആപ്പിന്റെ മുകളിൽ വലത് കോണിൽ സ്ഥാപിച്ചിരിക്കുന്ന മെനു ഓപ്ഷനിൽ ക്ലിക് ചെയ്യുക
* ‘ബയോമെട്രിക് ക്രമീകരണങ്ങൾ’ എന്നതിൽ ക്ലിക്ക് ചെയ്യുക
*‘എനേബിൾ ബയോമെട്രിക് ലോക്ക്’ ഓപ്ഷനിൽ ഒരു ടിക്ക് ഇടുക
* ‘ശരി’ എന്നതിൽ ക്ലിക്ക് ചെയ്യുക,
* ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒ.ടി.പി ലഭിക്കും.
* ഒ.ടി.പി നൽകിയാലുടൻ, ബയോമെട്രിക് വിശദാംശങ്ങൾ ലോക്ക് ആകും