കണ്ണൂർ സർവകലാശാല മണിപ്പുർ വിദ്യാർഥികളുടെ പരീക്ഷാഫീസ് ഒഴിവാക്കും

Share our post

കണ്ണൂർ: സർവകലാശാലയിൽ പഠനത്തിനെത്തിയ മണിപ്പുർ വിദ്യാർഥികളുടെ പരീക്ഷാ ഫീസ് ഒഴിവാക്കാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ഈ വിദ്യാർഥികളുടെ ട്യൂഷൻസും മറ്റ് ഫീസുകളും ഇളവു ചെയ്യാൻ സർക്കാരിനോട് അഭ്യർഥിക്കാനും പ്രവേശന‌ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനു ഡീൻമാരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു, മറ്റു പ്രധാന തീരുമാനങ്ങൾ:

2024–25 അധ്യയന വർഷത്തേക്ക് പുതിയ കോളജ്, പുതിയ കോഴ്സ്, സീറ്റ് വർധന എന്നിവയ്ക്കു വിജ്ഞാപനം പുറപ്പെടുവിക്കും. മുൻ വർഷത്തെ എല്ലാ പ്രോഗ്രാമുകളിലേക്കും പ്രൈവറ്റ് റജിസ്ട്രേഷൻ അപേക്ഷകൾ തുടർന്നും സ്വീകരിക്കും.

പഠനവകുപ്പുകളിലെയും കോളജുകളിലെയും അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക സൗകര്യങ്ങളും സിൻഡിക്കറ്റ് പരിശോധിക്കും. ഭിന്നശേഷി വിദ്യാർഥികളുടെ അപേക്ഷ പ്രകാരം അവരുടെ വീടിനടുത്തുള്ള കോളജുകളിൽ അധിക സീറ്റ് അനുവദിച്ച് പ്രവേശനം നൽകും.

ഇ ഗ്രാൻഡ് ലഭിക്കാത്തതു കാരണം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവയ്ക്കരുതെന്ന സർക്കാർ നിർദേശം പാലിക്കും. കാഞ്ഞങ്ങാട് നെഹ്റു കോളജിലെ ഒരു അസി. പ്രഫസറുടെ നിയമനവും വിവിധ കോളജുകളിലെ 16 അസി. പ്രഫസർമാരുടെയും 6 അസോഷ്യേറ്റ് പ്രഫസർമാരുടെയും സ്ഥാനക്കയറ്റവും അംഗീകരിച്ചു.

ബ്രണ്ണൻ കോളജിൽ പൊളിറ്റിക്കൽ സയൻസിനും തളിപ്പറമ്പ് സർ സയിദ് കോളജിൽ ഫിസിക്സിനും പയ്യന്നൂർ കോളജിൽ കെമിസ്ട്രി, ഇംഗ്ലിഷ് വിഷയങ്ങൾക്കും മാനന്തവാടി ഗവ. കോളജിൽ കൊമേഴ്സ്, ഇക്കണോമിക്സ് വിഷയങ്ങൾക്കും ഗവേഷണ കേന്ദ്രങ്ങൾ അനുവദിച്ചു.

7 വിദ്യാർഥികൾക്കു പി.എച്ച്ഡി നൽകും. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി സിൻഡിക്കറ്റ് യോഗങ്ങൾ പേപ്പർരഹിതമാക്കും. ഡോ. എം.എസ്. സ്വാമിനാഥന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ഡോ. കെ.ടി. ചന്ദ്രമോഹൻ പ്രസംഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!