മലയോര മേഖലയിൽ ബസ് പെർമിറ്റുകൾ മറിച്ചു വിൽക്കുന്ന സംഘം സജീവമാകുന്നു

തളിപ്പറമ്പ്∙ മലയോര മേഖലകളിൽ ബസ് പെർമിറ്റുകൾ വാങ്ങി വൻ തുക ഈടാക്കി മറിച്ചു വിൽക്കുന്ന സംഘം സജീവമാകുന്നതായി പരാതി.
കോവിഡ് കാലഘട്ടത്തിന് ശേഷം സജീവമായ ഈ സംഘത്തിന്റെ നേതൃത്വത്തിൽ നേടിയെടുക്കുന്ന പെർമിറ്റുകൾ ഉപയോഗിച്ച് റൂട്ട് തെറ്റിച്ചും സമയ ക്രമം പാലിക്കാതെയും ഓടുന്ന ബസുകൾ നിമിത്തം മറ്റ് ബസ് ജീവനക്കാർ ദുരിതപ്പെടുകയാണ്.
മലയോര മേഖലയിൽ സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സര ഓട്ടങ്ങൾക്കും ഇത് വഴിവയ്ക്കുന്നു. അടുത്ത കാലത്തായി സ്വകാര്യ ബസ് അപകടങ്ങൾ വർധിക്കാനും ഇത് ഇടയാക്കുന്നതായി പരാതിയുണ്ട്.
തളിപ്പറമ്പ് ആലക്കോട്, മണക്കടവ്, തേർത്തല്ലി, ചെറുപുഴ തുടങ്ങിയ വിവിധ മേഖലകളിലാണ് ഇത്തരത്തിൽ വ്യാപകമായി ബസുകൾ ഓടുന്നതായി പരാതികൾ ഉയർന്നത്.
മലയോര മേഖലയിൽ നിലവിൽ ബസുകൾ ഇല്ലാത്തതോ വളരെ കുറവോ ആയ സ്ഥലങ്ങൾ തിരഞ്ഞെടുത്താണത്രേ പെർമിറ്റിന് അപേക്ഷ നൽകുന്നത്. തെക്കൻ കേരളത്തിലും മറ്റും ചെന്ന് പഴയ ബസുകൾ വാങ്ങി കൊണ്ട് വന്നാണ് കൂടുതലായും ഇത്തരത്തിൽ അപേക്ഷ നൽകുന്നത്.