‘നമോ ഭാരത്’; രാജ്യത്തെ ആദ്യ റീജണൽ റെയില്‍ സര്‍വീസിന്റെ പേരുമാറ്റി, നടപടി ഉദ്ഘാടനത്തിന് തൊട്ടുമുമ്പ്

Share our post

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ സെമി ഹൈ സ്പീഡ് റീജണല്‍ റെയില്‍ സര്‍വ്വീസായ റാപ്പിഡ് എക്‌സിന്റെ പേരുമാറ്റി. ‘നമോ ഭാരത്’ എന്നാണ് പുതിയ പേര്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യാനിരിക്കെയാണ് പേരുമാറ്റം. ഉത്തര്‍പ്രദേശിലെ സാഹിബാദിനേയും ദുഹായ് ഡിപ്പോയേയും ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയിന്‍.

അതിനിടെ പേരുമാറ്റത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. മോദിയുടെ ആത്മാനുരാഗത്തിന് അതിരുകളില്ലെന്ന് പേരുമാറ്റത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു. ഭാരത് എന്ന് വേണ്ടെന്നും രാജ്യത്തിന്റെ പേര് നമോ എന്ന് മാറ്റാവുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും പരിഹാസം ഉന്നയിച്ചു.

ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് പാതയിലാണ് റീജണല്‍ റെയില്‍ സര്‍വീസ് ഇടനാഴിയുള്ളത്. സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസിലൂടെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയായ ആര്‍ആര്‍ടിഎസിന്റെ (റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം) ഭാഗമാണിത്. ഈ അതിവേഗ റെയില്‍പ്പാതയുടെ ആദ്യഘട്ട ഇടനാഴിയാണ് പ്രധാനമന്ത്രി വെള്ളിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കുക.

ആകെ 82 കിലോമീറ്റര്‍ ദൂരമുള്ള ഡല്‍ഹി മീററ്റ് പാതയില്‍ നിര്‍മാണം പൂര്‍ത്തിയായ സാഹിബാബാദ് ദുഹായ് ഡിപ്പോ പാതയുടെ ദൂരം 17 കിലോമീറ്ററാണ്. ഈ പാതയില്‍ 21 മുതല്‍ ട്രെയിന്‍സര്‍വീസ് ആരംഭിക്കും. രാജ്യത്തെ ആദ്യ ആര്‍.ആര്‍.ടി.എസ്.

പദ്ധതിയായ ഡല്‍ഹി മീററ്റ് പാതയില്‍ ബാക്കിയുള്ളസ്ഥലങ്ങളിലും റെയില്‍പാതയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നുണ്ട്. ഇത്തരത്തില്‍ എട്ട് ആര്‍ആര്‍ടി.എസ്. ഇടനാഴികളാണ് ഒരുങ്ങുന്നത്. ഡല്‍ഹി മീററ്റ് പാത 2025 ജൂണില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിര്‍മാണംപൂര്‍ത്തിയായ ആദ്യഘട്ടത്തില്‍ സാഹിബാബാദ്, ഗാസിയാബാദ്, ഗുല്‍ദര്‍, ദുഹായ്, ദുഹായ് ഡിപ്പോ എന്നിങ്ങനെ അഞ്ചുസ്റ്റേഷനുകളാണുള്ളത്.

ടിക്കറ്റ് നിരക്ക് 20 മുതല്‍100 രൂപ വരെ

യാത്രകള്‍ക്ക് ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം ക്ലാസ് കോച്ചുകളെ ആശ്രയിച്ച് ടിക്കറ്റ് നിരക്കുകള്‍ വ്യത്യാസപ്പെടും. സ്റ്റാന്‍ഡേഡ് ക്ലാസില്‍ ടിക്കറ്റിന്റെ നിരക്ക് 20 രൂപ മുതല്‍ 50 രൂപ വരെയാണ്.

അവസാന സ്റ്റേഷനുകള്‍, സാഹിബാബാദ്, ദുഹായ് ഡിപ്പോ എന്നിവയ്ക്കിടയിലുള്ള റൂട്ടില്‍ പരമാവധി ചാര്‍ജ് 50 രൂപ ആയിരിക്കും. എന്നിരുന്നാലും, പ്രീമിയം ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നിരക്ക് 40 മുതല്‍ 100 രൂപ വരെയാകും നിരക്ക്. രാവിലെ ആറുമുതല്‍ രാത്രി 11 വരെ 15 മിനിറ്റ് ഇടവിട്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തും. ആകെ ആറുകോച്ചുകളാണ് ഘടിപ്പിക്കുക. ഇതിലൊരെണ്ണം പ്രീമിയംകോച്ചാണ്. ഒരു കോച്ച് വനിതകള്‍ക്ക് മാത്രമുള്ളതാണ്.

മെയിഡ്‌ ഇന്‍ ഇന്ത്യ

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ പൂര്‍ണമായും ഇന്ത്യയില്‍ തന്നെയാണ് ആര്‍ആര്‍ടിഎസ് ട്രെയിന്‍ നിര്‍മിച്ചത്. മണിക്കൂറില്‍ 180 കിലോമീറ്ററാണ് വേഗത. ഓരോ 15 മിനിറ്റിലും സ്‌റ്റേഷനിലെത്തുന്ന അതിവേഗ ട്രെയിന്‍ യാത്രികരുമായി കുതിച്ചുപായും.

30,000 കോടിയിലധികം രൂപയാണ് ചെലവ് വരുന്നത്. ഗുജറാത്തിലെ സാവ് ലിയിലുള്ള അല്‍സ്റ്റോമിന്റെ ഫാക്ടറിയിലാണ് ഇവ നിര്‍മിക്കുന്നത്. ആര്‍ആര്‍ടിഎസ് നിര്‍മാണത്തിന്റെ മേല്‍നോട്ടം നാഷണല്‍ ക്യാപിറ്റല്‍ റീജന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!