റോഡ് ടെസ്റ്റും വേണ്ട കണ്ണുപരിശോധനയുമില്ല; ഡ്രൈവിങ്ങ് ലൈസന്‍സ് പുതുക്കലില്‍ വ്യാപകക്രമക്കേട്

കാലാവധികഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കിനല്‍കുന്നതുമായി ബന്ധപ്പെട്ട് മോട്ടോര്‍വാഹനവകുപ്പില്‍ വ്യാപകക്രമക്കേടുകള്‍. കാലാവധികഴിഞ്ഞ് ഒരുവര്‍ഷത്തിനുശേഷം ലൈസന്‍സ് പുതുക്കി നല്‍കുമ്പോള്‍ നിര്‍ബന്ധമായും റോഡ് ടെസ്റ്റും കണ്ണുപരിശോധനയും നടത്തണമെന്നാണ് നിയമം. ഇത് തെറ്റിച്ച് ലൈസന്‍സ് പുതുക്കിനല്‍കിയ മൂന്ന് എം.വി.ഐ.മാരെ സസ്‌പെന്‍ഡ് ചെയ്തു.
മുമ്പ് അഞ്ചുകൊല്ലം കഴിഞ്ഞാല്‍ മാത്രമാണ് റോഡ് ടെസ്റ്റ് നടത്തേണ്ടിയിരുന്നത്. എന്നാല്‍, പുതിയ നിയമപ്രകാരം ഒരുവര്‍ഷം കഴിഞ്ഞാല്‍ റോഡില്‍ വാഹനമോടിച്ചു കാണിക്കണം. ഈ നിയമം കാറ്റില്‍പ്പറത്തിയാണ് ലൈസന്‍സുകള്‍ പുതുക്കിനല്‍കുന്നത്.
സംഭവത്തെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധനനടത്തിയിരുന്നു. ഇതില്‍ കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കൊടുവള്ളി സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് എം.വി.ഐ. പി. പദ്മലാല്‍, തീരൂരങ്ങാടി സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ എം.വി.ഐ. ടി. അനൂപ് മോഹന്‍, ഗുരുവായൂര്‍ സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ എം.വി.ഐ. എം.എ. ലാലു എന്നീ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാനും റിപ്പോര്‍ട്ട് നല്‍കാനും കോഴിക്കോട് എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. ബിജു മോഹനെയും തൃശ്ശൂര്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.