പതറാത്ത കരളുറപ്പുമായി 100ൻ്റെ നിറവിൽ വി.എസ്‌

Share our post

തിരുവനന്തപുരം : വെയിൽ പരക്കുന്ന പ്രഭാതങ്ങളിലും പകലിരുളുന്ന സായാഹ്നങ്ങളിലും വേലിക്കകത്ത്‌ വീടിന്റെ വേലിക്കിപ്പുറം ഉമ്മറത്തെ ചക്രക്കസേരയിൽ കിടന്ന്‌ വി.എസ്‌. ലോകത്തെ കാണുന്നു. പുന്നപ്രയും വയലാറും വിപ്ലവക്കാതലേകിയ, മലയാളക്കരയ്ക്ക്‌ തണലേകിയ മഹാവൃക്ഷം. നീണ്ടും കുറുകിയുമുള്ള വാക്‌ശിഖരങ്ങളെല്ലാം തന്നിലേക്കൊതുക്കി മുറ്റത്തെ മാവിൻ തണലിൽ സ്വസ്ഥമായിരിക്കുന്നു. അപ്പോഴും വിപ്ലവസൂര്യന്റെ ഊർജരേണുക്കൾ പോരാളികളിലേക്ക്‌ പകരുന്നുണ്ട്‌.

ജീവിതസായാഹ്നത്തിൽ തിരുവനന്തപുരം ലോ കോളേജിനടുത്തുള്ള വീട്ടിൽ ഭാര്യ വസുമതിക്കും മകൻ അരുൺകുമാറിനുമൊപ്പമാണ് വിഎസ്. തൊട്ടടുത്ത്‌ മകൾ ആശയുമുണ്ട്‌. നീട്ടിയും കുറുക്കിയും മലയാളിയെ ആവേശംകൊള്ളിക്കാൻ ആരോഗ്യം തടസ്സമുണ്ടെങ്കിലും രാഷ്ട്രീയ കേരളത്തിന്റെ ചലനമോരോന്നും വി എസ്‌ അറിയുന്നു. രാവിലെയും വൈകിട്ടും പത്രം വായിച്ചുകേൾക്കും. ചാനൽ വാർത്തകളിലൂടെയും നാടിന്റെ സ്പന്ദനമറിയും. ടി.വി.യിൽ കുട്ടികളുടെ പാട്ടുകൾ കാണുമ്പോൾ മുഖത്ത്‌ വാത്സല്യം കലർന്ന ചിരി. ജയപരാജയങ്ങളെ ഭാവമാറ്റമില്ലാതെ നേരിട്ട വിപ്ലവകാരിയുടെ കണ്ണുകളുടെ തീക്ഷ്‌ണത അതേപടി. ഗൗരിയമ്മയുടെയും കോടിയേരിയുടെയും എം ചന്ദ്രന്റെയും മരണവാർത്ത അറിഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു, രക്തസമ്മർദവുമേറി. കോവിഡ്‌ പടർന്നതോടെ വി.എസിന്റെ ലോകം വീടിനുള്ളിലേക്ക്‌ ചുരുങ്ങി. ആരോഗ്യസ്ഥിതി തിരിച്ചറിഞ്ഞ സഖാവ്‌ പുതിയ ശീലങ്ങളുമായും പൊരുത്തപ്പെട്ടെന്ന്‌ ഭാര്യ വസുമതി. പുലർച്ചെയുള്ള തേച്ചുകുളിയും യോഗയുമടക്കം ചിട്ടകളെല്ലാം തെറ്റിയിട്ടുണ്ട്‌. ആറരയോടെ ഉണർന്ന്‌ മേലുകഴുകൽ കഴിഞ്ഞാൽ കുഴമ്പ്‌ രൂപത്തിലാക്കിയ പ്രാതൽ. ശേഷം ഉമ്മറത്തിരുന്ന്‌ വഴിയിലൂടെ പോകുന്നവരെ കാണുന്നതാണ്‌ സന്തോഷം.

ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ 100-ാം പിറന്നാളിന്‌ കാര്യമായ ആഘോഷങ്ങളില്ല. പിറന്നാൾ ദിനത്തിലെ പതിവ്‌ പായസത്തിനും കേക്കിനും മാറ്റമില്ല. രാവിലെ ലോ കോളേജ്‌ ജങ്‌ഷനിലും പായസവിതരണമുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!