ഒരു ഫോണിൽ രണ്ട് വാട്സാപ്പ് അക്കൗണ്ടുകൾ; ഫീച്ചർ ഉടൻ എത്തുമെന്ന് മെറ്റ

ഒരു ഫോണിൽ രണ്ട് വാട്സാപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാവുന്ന ഫീച്ചർ ഉടൻ അവതരിപ്പിക്കുമെന്ന് മെറ്റ. സി.ഇ.ഒ മാർക്ക് സുക്കർബർഗാണ് ഇക്കാര്യം അറിയിച്ചത്. ഒരു ഡിവൈസിൽ രണ്ട് വാട്സാപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാനുള്ള സംവിധാനം അവതരിപ്പിക്കുകയാണെന്ന് സുക്കർബർഗ് അറിയിച്ചു.
ഇതോടെ ഒരേ ഡിവൈസിൽ ഒരേ സമയം രണ്ട് വാട്സാപ്പ് അക്കൗണ്ടുകൾ ലോഗ് ഇൻ ചെയ്ത് ഉപയോഗിക്കാനാവും. പേഴ്സണൽ, വർക്ക് എന്നിങ്ങനെ രണ്ട് അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനും സാധിക്കും. ഓരോ തവണയും അക്കൗണ്ടുകൾ ലോഗ് ഔട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നും സുക്കർബർഗ് പോസ്റ്റിൽ പറഞ്ഞു.
നേരത്തെ വാട്സാപ്പിൽ പാസ് കീ സംവിധാനവും മെറ്റ അവതരിപ്പിച്ചിരുന്നു. ഫിഡോ (FIDO) സഖ്യത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ആപ്പിൾ തുടങ്ങിയ കമ്പനികൾക്കൊപ്പം ചേർന്നായിരുന്നു ഗൂഗിൾ പാസ്കീ സൗകര്യം അവതരിപ്പിച്ചത്. പാസ് വേഡുകൾ, ടു സ്റ്റെപ്പ് വെരിഫിക്കേഷൻ തുടങ്ങിയ വെരിഫിക്കേഷൻ മാർഗങ്ങൾക്കൊപ്പമാണ് ഇനി ‘പാസ്ക് സൗകര്യവും എത്താൻ പോകുന്നത്.
നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് എളുപ്പത്തിലും സുരക്ഷിതമായും ലോഗിൻ ചെയ്യാൻ പാസ്കീ പിന്തുണ നിങ്ങളെ സഹായിക്കും. പാസ് കീ എന്ന ഓപ്ഷൻ ഉപയോഗപ്പെടുത്താൻ നിങ്ങളുടെ ഫോണിന്റെ ബയോമെട്രിക് പ്രാമാണീകരണ മാർഗങ്ങൾ (വിരലടയാളം, ഫേസ് അൺലോക്ക് എന്നിവ) ആവശ്യമായി വരും. കൂടാതെ നിങ്ങൾക്ക് എളുപ്പത്തിൽ ലോഗിൻ ചെയ്യാൻ ഒരു ക്രിപ്റ്റോഗ്രാഫിക് കീ നൽകും. അത് ലളിതവും വേഗത്തിലുള്ളതുമായിരിക്കുമെന്നും വാട്സാപ്പ് അറിയിച്ചു.