ഗാസയിലേയ്ക്ക് സഹായ ഇടനാഴി തുറക്കും; ആഹാരവും വെള്ളവുമായി ആദ്യമെത്തുക 20 ട്രക്കുകൾ

ഗാസ സിറ്റി: ഗാസയിലേയ്ക്കുള്ള സഹായ ഇടനാഴി തുറക്കും. ഈജിപ്തിൽ നിന്ന് അറഫ അതിർത്തി തുറന്ന് ഭക്ഷണവും വെള്ളവും അവശ്യ മരുന്നുകളും ഗാസയില്‍ എത്തിക്കും. ആദ്യ ഘട്ടത്തിൽ 20 ട്രക്കുകൾ ഭക്ഷണവും വെള്ളവുമായി എത്തും. പ്രതിദിനം നൂറ് ട്രക്കുകൾ വീതം എത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്. സഹായ ഇടനാഴിക്ക് ഇസ്രയേൽ അനുമതി നൽകിയിരുന്നു.
ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഗാസയിലെ റോഡുകളും പാലങ്ങളും തകർന്നിരുന്നു. എത്രയും പെട്ടെന്ന് വേണ്ട അറ്റകുറ്റപണികൾ നടത്തി സഹായം എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഗാസയിലെ എല്ലാ സ്ഥലങ്ങളിലും സഹായം എത്തിക്കണമെങ്കിൽ വെടിനിർത്തൽ വേണമെന്നും അറബ് രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.
തെക്കൻ ഗാസയിൽ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കഴിഞ്ഞു. 12065 പേര്‍ക്ക് പരിക്കേറ്റതായും പലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1300 ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ കാണാതായിട്ടുണ്ട്. ഇതില്‍ 600 കുട്ടികളുമുണ്ട്. ഗാസയിൽ വിവിധയിടങ്ങളിൽ വ്യോമാക്രമണം നടന്നു.
തെക്കൻ ഗാസയിൽ സ്കൂളിന് നേരെ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ട് ഉണ്ട്. റഫ അതിർത്തിയിൽ ബോംബാക്രമണത്തില്‍ 20 പേർ കൊല്ലപ്പെട്ടു. ജബലിയ അഭയാർത്ഥി ക്യാമ്പിന് നേരെയും ആക്രമണം നടന്നു. ഗാസയിൽ 10 ലക്ഷം പേർ കുടിയിറക്കപ്പെട്ടെന്നും 3, 52,000 പേർ അഭയാർത്ഥി ക്യാമ്പുകളിൽ ഉണ്ടെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍.