ദുബായിലെ പാചകവാതക സിലിന്‍ഡര്‍ അപകടം: തലശ്ശേരി സ്വദേശി മരിച്ചു

ദുബായ്: ദുബായ് കറാമയില്‍ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശിയായ നിധിന്‍ ദാസ് (24) ആണ് ഇന്ന് മരിച്ചത്. മലപ്പുറം നിറമരുതൂർ ശാന്തി നഗർ സ്വദേശി യാക്കൂബ് അബ്ദുള്ള (42) അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
ഒട്ടേറെ മലയാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബര്‍ ദുബായ് അനാം അല്‍ മദീന ഫ്രൂട്ട്‌സ് ജീവനക്കാരനായിരുന്നു യാക്കൂബ്. വിസിറ്റ് വിസയില്‍ ജോലി ദുബായില്‍ എത്തിയതായിരുന്നു നിധിന്‍. അപകടത്തില്‍ പരിക്കേറ്റ എട്ട് പേരെ ദുബായിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട്പേരുടെ നില ഗുരുതരമാണ്.
ചൊവ്വാഴ്ച അര്‍ധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിനുസമീപം ബിന്‍ഹൈദര്‍ ബില്‍ഡിങ്ങിലാണ് അപകടം നടന്നത്. 12.20 ഓടെ വാതകചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു.
കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശികളായ ഷാനില്‍, നഹീല്‍ എന്നിവരെയാണ് ഗുരുതരപരിക്കുകളോടെ ദുബായ് റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നുമുറികളിലായി 17 പേരാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്.
റാശിദ് ആശുപത്രിയിലും എന്‍.എം.സി. ആശുപത്രിയിലുമാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ദുബായിലെ സാമൂഹികപ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പരിക്കേറ്റ ഭൂരിപക്ഷംപേരും മലയാളികളാണെന്നാണ് വിവരം. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ ഫ്‌ളാറ്റിലെ രണ്ട് വനിതകള്‍ക്കും പരിക്കേറ്റതായി ഫവാസ് പറഞ്ഞു. പരേതനായ അബ്ദുള്ള- ആയിഷ ദമ്പതികളുടെ മകനാണ് യാക്കൂബ്. ഭാര്യ : നാഷിദ. മക്കള്‍ : മെഹന്‍, ഹന.