തീവണ്ടികളിലെ തിരക്ക്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ : തീവണ്ടികളിലെ ജനറൽകോച്ചിലെ ശ്വാസംമുട്ടിയുള്ള യാത്രയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പരിഹരിക്കണം വാഗൺ ട്രാജഡി’ എന്ന കാമ്പയിൻ വാർത്ത പരിഗണിച്ച കമ്മീഷൻ ആക്ടിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർക്ക് നോട്ടീസ് അയയ്ക്കും. 15 ദിവസത്തിനുള്ളിൽ ഡി.ആർ.എം. റിപ്പോർട്ട് നൽകണം. നവംബർ 11-ന് കണ്ണൂരിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് വീണ്ടും പരിഗണിക്കും.
‘മാതൃഭൂമി’ മൂന്നുദിവസമായി പ്രസിദ്ധീകരിച്ച വാർത്തയുടെ കട്ടിങ് കമ്മിഷൻ ബുധനാഴ്ച കണ്ണൂരിൽ നടന്ന സിറ്റിങ്ങിൽ പരിശോധിച്ചു. യാത്രക്കാർ അനുഭവിക്കുന്ന പ്രയാസം ബോധ്യപ്പെട്ടു. ജനറൽ കോച്ചുകളുടെ കുറവും വന്ദേഭാരതിനുവേണ്ടി മറ്റു വണ്ടികൾ പിടിച്ചിടുന്നതടക്കം യാത്രക്കാരുടെ മാനുഷികാവകാശങ്ങൾ ഹനിക്കപ്പെടുന്ന രീതിയിലാണെന്ന് കമ്മിഷൻ വിലയിരുത്തി.
തിരക്ക് മാത്രമല്ല, ശല്യവും സഹിക്കണം
: ‘പെട്ടിക്കൂടുപോലുള്ള ലേഡീസ് കോച്ചുകളിൽ കയറാനാകുന്നില്ല. അതോടെ തിരക്കുള്ള ജനറൽ കോച്ചിലേക്ക് ഓടും. ഉള്ളിൽ അകപ്പെട്ടാൽ ശ്വാസംമുട്ടൽ മാത്രമല്ല, ശല്യവും സഹിക്കണം’- കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്ന യുവതിയുടെ പ്രതികരണമാണ്. ചില തീവണ്ടികൾ നിറഞ്ഞുകവിഞ്ഞുപോകുന്നു.
ചിലത് തൊട്ടുപിന്നാലെ ആളൊഴിഞ്ഞ് ഓടുന്നു. മോഷണം, മോഷണശ്രമങ്ങൾ നിത്യവും തിരക്കിലെ പരാതികളാകുന്നു. ചിലർ ഇതിനായി കയറുന്നു. തിരക്ക് അഭിനയിച്ച് സ്ത്രീയാത്രക്കാരെ ശല്യപ്പെടുത്തുന്നു.
തിരുവനന്തപുരത്തുനിന്നുള്ള മലബാർ എക്സ്പ്രസിൽ കോഴിക്കോട് വിട്ടാൽ റിസർവ്ഡ് കോച്ചിൽ ആളുകൾ കുറയും. എന്നാൽ ഈ വണ്ടിയിൽ ഉൾപ്പെടെ ഡി-റിസർവ്ഡ് കോച്ചുകൾ വെട്ടിക്കുറച്ചു. അവ എ.സി. കോച്ചുകളാക്കി. വൈകീട്ട് കാസർകോട്ടേക്കുള്ള അവസാന വണ്ടിയായ നേത്രാവതിയിൽ ഒരു ഡി-റിസർവ്ഡ് കോച്ചുപോലും അനുവദിച്ചിട്ടില്ല.
ഒന്നരക്കോച്ചിൽ (രണ്ടിൽ അരക്കോച്ച് തപാലിന്) സ്ത്രീകൾ, വയോധികർ, കുട്ടികൾ ഉൾപ്പെടെ തിങ്ങിഞെരുങ്ങിപ്പോകണം. ആസ്പത്രിയിൽ പോയിവരുന്നവരുടെ കഷ്ടപ്പാട് പറഞ്ഞറിയിക്കാൻ പറ്റില്ല.
തീവണ്ടിയോ ബസോ
: കഴിഞ്ഞ വർഷം വരെ ചെറുദൂര യാത്രക്കാർ ചർച്ചചെയ്തത് ബസും തീവണ്ടിയുടെയും യാത്രാച്ചെലവായിരുന്നു. എന്നാൽ ദേശീയപാതയുടെ പണി മുന്നേറിയപ്പോൾ ഗതാഗതക്കുരുക്ക് കാരണം പലരും തീവണ്ടികളിലേക്ക് യാത്ര മാറ്റി. പരശുറാം അടക്കമുള്ള വണ്ടികളിൽ തിരക്കും വർധിച്ചു.
ദേശീയപാത 66-ന്റെ പണി നിലവിൽ 50 ശതമാനം മാത്രമേ പൂർത്തിയായുള്ളു. പണിയുടെ വേഗം കൂടി. രാവിലെ കണ്ട റോഡായിരിക്കില്ല വൈകീട്ട്. ഓരോ മണിക്കൂറിലും സർവീസ് റോഡിൽ റോഡ് ഗതിമാറ്റം വരുന്നു. ബസുകളടക്കം ക്യൂവിൽ നിൽക്കും. യാത്ര അതികഠിനമായി.