സാന്ത്വനം സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു

തിരുവനന്തപുരം : സീരിയൽ സംവിധായകൻ ആദിത്യൻ (47) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്. ഇന്നലെ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ ആദിത്യനെ കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് രാത്രി രണ്ടുമണിയോടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപാേകുന്നതിനിടെയായിരുന്നു മരണം. കൊല്ലം അഞ്ചൽ സ്വദേശിയായ ആദിത്യൻ പേയാടിന് സമീപം വിട്ടിയത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഭാരത് ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും.
ടെലിവിഷൻ രംഗത്തെ ജനപ്രിയനായ സംവിധായകനാണ് ആദിത്യൻ. സാന്ത്വനത്തിന് പുറമെ അമ്മ, വാനമ്പാടി, ആകാശദൂത് എന്നീ സീരിയലുകളും സംവിധാനം ചെയ്തു. റേറ്റിംഗിലും ഏറെ മുന്നിലായിരുന്നു അദ്ദേഹത്തിന്റെ സീരിയലുകൾ. സിനിമ സംവിധാനം ചെയ്യാനുള്ള ആലോചനകൾക്കിടെയാണ് ആദിത്യനെ മരണം തട്ടിയെടുത്തത്. സിനിമാ- ടെലിവിഷൻ രംഗത്തെ പ്രമുഖരടക്കം ആദിത്യന്റെ ആകസ്മിക വേർപാടിന്റെ ഞെട്ടലിലാണ്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലേക്ക് നിരവധി പേർ എത്തിക്കൊണ്ടിരിക്കുകയാണ്.