ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്; തലശ്ശേരി സ്വദേശികളായ മൂന്ന് പേരുടെ നില ഗുരുതരം

ദുബായ് : ദുബായിലെ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി മലയാളികൾക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ ഒമ്പതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശികളായ നിധിൻ ദാസ്, ഷാനിൽ, നഹീൽ എന്നിവരെ ഗുരുതര പരിക്കുകളോടെ ദുബായ് റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിധിൻ ദാസിന്റെ പരിക്കുകൾ അതീവ ഗുരുതരമാണെന്ന് നേരിയ പരിക്കുകളോടെ രക്ഷപ്പെട്ട ഫവാസ് പറഞ്ഞു.
ഇന്നലെ അർധരാത്രിയോടെ കരാമ ‘ഡേ ടു ഡേ’ ഷോപ്പിങ് സെന്ററിന് സമീപം ബിൻഹൈദർ എന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. 12.20 ഓടെ ഗ്യാസ് സിലിണ്ടറിൽ ചോർച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. മിക്കവരും അവിവാഹിതരായ താമസക്കാരാണെന്നാണ് വിവരം.
പരിക്കേറ്റവരിൽ അഞ്ച് പേർ റാശിദ് ആശുപത്രിയിലും, എൻ.എം.സി ആശുപത്രിയിൽ നാല് പേരും ചികിൽസയിൽ കഴിയുന്നുണ്ടെന്ന് ദുബായിലെ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ മിക്കവരും മലയാളികളാണെന്നാണ് വിവരം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ ഫ്ലാറ്റിലെ രണ്ട് വനിതകൾക്കും പരിക്കേറ്റതായാണ് വിവരം.