പേരാവൂരിൽ കൗൺസിലിംഗും തെറാപ്പി സേവനങ്ങളും ആരംഭിക്കുന്നു

പേരാവൂർ: മലയോരമേഖലയിൽ ആദ്യമായി ഒരു കൗൺസിലിംഗ് സെന്റർ ആരംഭിക്കുന്നു. പേരാവൂർ ആസ്ഥാനമാക്കിയാണ് കൗൺസിലിംഗും തെറാപ്പി സേവനങ്ങളും ലഭിക്കുക.’മൈൻഡ് സെറ്റ്’ എന്ന പേരിൽ ആരംഭിക്കുന്ന കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി സെന്റർ പേരാവൂർ ബസ്റ്റാന്റിന് സമീപം കാർമൽ സെന്ററിലാണ് ആരംഭിക്കുന്നത്.
ഒക്ടോബർ 21 ശനിയാഴ്ച ഉദ്‌ഘാടനം ചെയ്യപ്പെടുന്ന സ്ഥാപനം വ്യക്തികൾക്കും പ്രദേശത്തെ വിദ്യാലയങ്ങൾക്കും ഒരേപോലെ പ്രയോചനകരമാകും വിധമാണ് പ്രവർത്തിക്കുക. വിവിധ തരത്തിലുള്ള സമ്മർദ്ദങ്ങളും വെല്ലുവിളികളും അഭിമുഖീക്കേണ്ടിവരുന്ന ലോകത്ത്, വ്യക്തികൾക്ക് അവരുടെ ചിന്തകളും വികാരങ്ങളും അനുഭവങ്ങളും സ്വതന്ത്രമായി പ്രകടിപ്പിക്കാനും അതിലൂടെ മാനസിക ക്ഷേമവും വ്യക്തിഗത വളർച്ചയും നേടാനാവശ്യമായ പ്രൊഫഷണൽ മാർഗനിർദേശവും പിന്തുണയും സ്വീകരിക്കാൻ കഴിയുന്ന ഒരു രഹസ്യാത്മ അന്തരീക്ഷമായിരിക്കും ഇവിടെ സജ്ജമാക്കുക.
വിഷാദം, ഉത്കണ്ഠ, ആഘാതം, വ്യക്തിത്വ വൈകല്യങ്ങൾ തുടങ്ങിയ സങ്കീർണ്ണമായ മാനസികാരോഗ്യ അവസ്ഥകളെ മനസിലാക്കാനും അത്തരം അവസ്ഥകളെ തരണം ചെയ്യാനും സഹായിക്കുന്ന പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകളുടെ ടീം ഈ കേന്ദ്രത്തിലുണ്ടാകും. കുട്ടികൾ, യുവജനങ്ങൾ, ദമ്പതികൾ തുടങ്ങിയവർക്ക് പ്രശസ്തരും പരിചയസമ്പന്നരുമായ സൈക്കോളജിക്കൽ കൗൺസിലർമാരുടെ സേവനവും ഇവിടെ ലഭ്യമാകും.