പെൺകുട്ടിയുമായുള്ള അടുപ്പത്തിന്റെ പേരിൽ വിളിച്ചുവരുത്തി മർദിച്ചു; യുവാവിന്റെ ആത്മഹത്യയിൽ അഞ്ച് പേർ അറസ്റ്റിൽ

Share our post

മാനന്തവാടി: വയനാട്ടില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എടവക കൊണിയന്‍മുക്ക് സ്വദേശിയായ ഇ.കെ. ഹൗസില്‍ അജ്മല്‍ (24)തൂങ്ങി മരിച്ച സംഭവത്തിലാണ് പൊലീസ് നടപടി.

അജ്മലിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന പരാതിയില്‍ കട്ടയാട് ഗീതാലയം സജേഷ് (44), പുതുശ്ശേരി തെക്കേതില്‍ വിശാഖ് (23), പുതുശ്ശേരി മച്ചാനിക്കല്‍ എം.ബി. അരുണ്‍ (23), പാണ്ടിക്കടവ് പാറവിളയില്‍ ശ്രീരാഗ് (21), വെണ്മണി അരിപ്ലാക്കല്‍ മെല്‍ബിന്‍ മാത്യു (23) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്

മരിച്ച അജ്മലിന് പ്രതികളില്‍ ഒരാളുടെ ബന്ധുവായ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നതായും ഇക്കാര്യം ചൂണ്ടിക്കാട്ടി അറസ്റ്റിലായവര്‍ കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ അജ്മലിനെ ഇയാളുടെ സുഹൃത്ത് വഴി അഗ്രഹാരം പുഴയ്ക്ക് സമീപം വിളിച്ച് വരുത്തി സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.

തടയാന്‍ ശ്രമിച്ച അജ്മലിന്റെ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. അജ്മലിന്റെ ഫോണുകള്‍ പിടിച്ചുവാങ്ങിയ സംഘം യുവാവിനെ ഇദ്ദേഹത്തിന്റെ വീടിന്റെ പരിസരത്ത് കാറില്‍ കൊണ്ടുവിടുകയും ചെയ്തിരുന്നു.

എന്നാല്‍ തിങ്കളാഴ്ച രാവിലെ അജ്മലിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഘം ചേര്‍ന്നുള്ള മര്‍ദ്ദനവും ഭീഷണിയും മൂലമാണ് അജ്മല്‍ ആത്മഹത്യ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കലും നാട്ടുകാരും രംഗത്തെത്തുകയായിരുന്നു. പരാതി ലഭിച്ചതോടെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തതു.

അറസ്റ്റിലായ യുവാക്കളില്‍ ചിലര്‍ മുമ്പ് മറ്റു ചില കേസുകളിലും പ്രതികളായവരാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. അജ്മലിന്റെ കഴുത്ത്, ഇടതു കൈ, മൂക്ക്, പുറംഭാഗം, കാല്‍മുട്ട് എന്നിവിടങ്ങളില്‍ മര്‍ദ്ദനമേറ്റ പാടുകളുമുണ്ടായിരുന്നു.

മര്‍ദ്ദനമേറ്റതിലുള്ള മനോവിഷമത്തിലാണ് അജ്മല്‍ ആത്മഹത്യചെയ്തതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. ചൊവ്വാഴ്ച വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ എം.എം. അബ്ദുള്‍ കരീം, എസ്.ഐമാരായ കെ.കെ. സോബിന്‍, ടി.കെ. മിനിമോള്‍, എ.എസ്.ഐ സി. സുരേഷ്, എസ്.സി.പി.ഒമാരായ സാഗര്‍ രാജ്, സരിത്ത്, സി.പി.ഒ മാരായ മനു അഗസ്റ്റിന്‍, പി.വി. അനൂപ്, ശരത്ത്, സി.എം. സുശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!