സ്വപ്‌ന ഭവനങ്ങളിൽ 54 കുടുംബങ്ങൾ

ഇരിട്ടി : ലൈഫ് മിഷൻ പദ്ധതിയിൽ പായം പഞ്ചായത്ത് നിർമിച്ച 54 വീടുകളുടെ താക്കോൽ മന്ത്രി വി.എൻ. വാസവൻ കുടുംബങ്ങൾക്ക് കൈമാറി. 26 വീട് പട്ടികജാതി കുടുംബങ്ങൾക്കും ഒന്ന് പൊതുവിഭാഗത്തിലും ആറ് വീട് അതിദരിദ്രകുടുംബങ്ങൾക്കുമാണ് . 54ൽ 21 വീട് പട്ടികവർഗ മേഖലയിലാണ്.
ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, വൈസ് പ്രസിഡന്റ് എം. വിനോദ്കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം കെ.എൻ. പത്മാവതി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.എൻ. ജെസി, മുജീബ് കുഞ്ഞിക്കണ്ടി, വി. പ്രമീള, പി. പങ്കജാക്ഷി, ഷൈജൻ ജേക്കബ്, കെ.വി. സക്കീർ ഹുസൈൻ, കെ. ശ്രീധരൻ, കെ. മോഹനൻ, എം. സുമേഷ്, ബാബുരാജ് പായം, അജയൻ പായം, അൽഫോൺസ് കളപ്പുരക്കൽ, റയീസ് കണിയറക്കൽ, എം. പ്രദീപൻ, സി.ഡി.എസ് അധ്യക്ഷ സ്മിത രഞ്ജിത്, പഞ്ചായത്ത് സെക്രട്ടറി ഷീന കുമാരി പാല എന്നിവർ സംസാരിച്ചു. ഊരുകൂട്ടത്തിലെ ധാരാവീസ് നാസിക് ഡോൾ ബാൻഡ് ട്രൂപ്പിന്റെ അകമ്പടിയോടെയാണ് മന്ത്രിയെ വരവേറ്റത്.
കോണ്ടമ്പ്ര പട്ടികവർഗ ഊരിൽ നിർമിച്ച ഒരു ഡസൻ ഉൾപ്പെടെയുള്ള പുതിയ പാർപ്പിടങ്ങളുടെ താക്കോൽ ഏറ്റുവാങ്ങാൻ കുടുംബങ്ങളാകെയെത്തി. ഇതോടെ പഞ്ചായത്തിൽ രണ്ട് ഭരണസമിതികൾ മുഖേന 173 കുടുംബങ്ങൾക്ക് പുതിയ വീട് നൽകി. 50 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. 29 വീടുകൂടി നിർമിക്കാൻ ഗുണഭോക്താക്കളുമായി കരാറായി. ഇവയെല്ലാം ചേർത്ത് 252 ലൈഫ് വീടുകൾ നിർമിച്ച് കൈമാറുന്ന പഞ്ചായത്തായി പായം മാറും.
പഞ്ചായത്തിൽ ലൈഫ്‌മിഷൻ പദ്ധതിയിൽ ഇതുവരെ 3.46 കോടി രൂപ വിനിയോഗിച്ചു. 578 കുടുംബങ്ങളാണ് ഭവനരഹിത പട്ടികയിലുള്ളത്. ഇതിൽ 100 പേർ ഭൂ–ഭവനരഹിതരായ ആദിവാസികളാണ്.