ആശുപത്രിക്കുനേരെയുള്ള ആക്രമണത്തിൽ 500 മരണം: ഇസ്രയേലിനെതിരെ വ്യാപക പ്രതിഷേധം
ഗാനാസിറ്റി: ഗാസയിൽ ആശുപതിക്കുനേരെ ചൊവ്വാഴ്ച നടത്തിയ ആക്രമണത്തിൽ ഇസ്രയേലിനെതിരെ വ്യാപക പ്രതിഷേധം. ആക്രമണത്തിൽ 500-ലേറെ പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും ഇസ്രയേൽ സൈന്യവും അറിയിച്ചു.
ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുക്കാനിരുന്ന ഉച്ചകോടി ജോർദാൻ റദ്ദാക്കി. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സീസിയും പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇസ്രയേലിൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ചർച്ചയ്ക്കില്ലെന്ന് മഹ്മൂദ് അബ്ബാസ് അറിയിച്ചു. ഇതോടെ ബൈഡന്റെ അമ്മാൻ ഉച്ചകോടി റദ്ദാക്കിയതായി വൈറ്റ്ഹൗസ് അറിയിച്ചു. ഇന്ന് ഇസ്രയേലിലെത്തുന്ന ബൈഡൻ ചർച്ചകളുടെ ഭാഗമായി ജോർദാനും സന്ദർശിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ഗാസയിലെ അൽ അഹിൽ അറബ് ആശുപതിക്കുനേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ അഭയാർഥികൾ താമസിക്കുന്ന യു.എൻ സ്കൂളും ആക്രമിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ ആശുപത്രിക്ക് നേരെ തങ്ങൾ ആക്രമണം നടത്തിയിട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രയേൽ. പ്രാകൃത ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നും ലോകം ഇതറിയണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
‘ലോകം മുഴുവൻ അറിയണം, ഇസ്രയേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അല്ല ഗാസയിലെ ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത്. ക്രൂരന്മാരായ ഭീകരവാദികളാണ്. ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊന്നവർ സ്വന്തം മക്കളെയും കൊല്ലുന്നു’, നെതന്യാഹു എക്സിൽ കുറിച്ചു. ഇസ്ലാമിക് ജിഹാദികളുടെ ലക്ഷ്യം തെറ്റിയ റോക്കറ്റാണ് ആശുപത്രിക്ക് മേൽ പതിച്ചതെന്ന് തങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നുവെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ആക്രമണത്തിൽ ബൈഡനും അപലപിച്ചു. ‘ഗാസയിലെ അൽ അഹിൽ അറബ് ആശുപ്രതിയിലുണ്ടായ സ്ഫോടനത്തിലും അതിന്റെ ഫലമായി ഉണ്ടായ ഭയാനകരമായ ജീവഹാനിയിലും ഞാൻ രോഷാകുലനും ദുഃഖിതനുമാണ്. ഈ വാർത്ത കേട്ടയുടനെ ഞാൻ ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവുമായും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായും സംസാരിച്ചു. കൃത്യമായി എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരാൻ എന്റെ ദേശീയ സുരക്ഷാ ടീമിനോട് നിർദേശിക്കുകയും ചെയ്തു. സംഘർഷ സമയത്ത് സാധാരണ ജനങ്ങളുടെ സംരക്ഷണത്തിന് അമേരിക്ക അസന്ദിഗ്ധമായി നിലകൊള്ളും’, ബൈഡൻ പ്രസ്താവനയിൽ വ്യക്തമാക്കി.
ഒരിക്കലും അംഗീകരിക്കാനാകാത്ത ആക്രമണമാണ് ആശുപതിക്ക് നേരെയുണ്ടായതെന്ന് യു.എൻ മനുഷ്യാവകാശ സമിതി മേധാവി വോൽക്കർ ടർക് പറഞ്ഞു. തനിക്ക് വാക്കുകൾ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തെ യു.എ.ഇ അടക്കമുള്ള രാജ്യങ്ങളും അപലപിച്ചു. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും സിവിലിയൻമാരെ ലക്ഷ്യമിടുന്നത് ശരിയല്ലെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും പാലിക്കപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.